കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ മണിപ്പൂർ ജനതയ്ക്കായ് പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. മണിപ്പുരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരികയും ചെയ്ത ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജൂൺ 7 ന് വൈകുന്നേരം 6 മണിക്കാണ് പ്രാർത്ഥന സംഘടിപ്പിച്ചത്.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽ നിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകുടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എല്ലാവരെയും സ്വാഗതം ആശംസിച്ചു. പ്രാർത്ഥനയിലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. തോമസ് ജെ നെറ്റോക്കൊപ്പം കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.