വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കുംതല പിതാവ്. ഭവനങ്ങൾ നഷ്ടപ്പെട്ട് ഗോഡൗണുകളിൽ കഴിയുന്നവരെ നേരിൽ കാണുകയും അവരുടെ വിഷമമാവസ്ഥകൾ കേൾക്കുകയും ചെയ്ത ശേഷം ഗോഡൗണിൽ കഴിയുന്ന കുട്ടികളുടെയും മുതിർന്നവരുടെയും തലയിൽ കൈവച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
മെത്രാനും വൈദികരും അലമായരുമടങ്ങുന്ന നാല്പതംഗ സംഘമാണ് ഐക്യദാർഢ്യ പ്രഖ്യാപനവുമായി വലിയതുറ ഗോഡൗണിൽ കഴിയുന്ന ജനങ്ങളെ കാണാൻ എത്തിയത്. കഴിഞ്ഞ നാലു വർഷത്തിലേറെ ഈ ജനങ്ങൾ ഗോഡൗണിൽ താമസിക്കാൻ തുടങ്ങിയിട്ടും ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നത് സങ്കടകരമായ അവസ്ഥ തന്നെയാണെന്ന് ഗോഡൗൺ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ ഇടയിലെ ഒരു സമൂഹത്തെ കണ്ണീരിന്റെ കയത്തിലേക്ക് അയച്ചിട്ട് എന്ത് വികസനമാണ് ഈ നാടിനു ഉണ്ടാകാൻ പോകുന്നത്. വിഴിഞ്ഞം പദ്ധതി വികസനം എന്ന് പറയുന്നുണ്ടെങ്കിലും ഈ സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്ന വികസനമാണോ ഭരണാധികാരികൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ഉയർത്തി. ജനങ്ങളുടെ ആകുല ചിന്തകളെയും പ്രതിസന്ധികളെയും മനസ്സിലാക്കാതെ എന്ത് പുരോഗമനം. ഭാരതം വലിയ വികസന രാഷ്ട്രം എന്ന് അഭിമാനിക്കുമ്പോഴും ഒരു വിഭാഗം ജനത ഇവിടെ ദുരിതമനുഭവിക്കുന്നുവെന്ന വസ്തുതയും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചു.