മത്സ്യത്തൊഴിലാളികൾ നയിക്കുന്ന അതിജീവന സമരം നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ നാളെ മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരത്തിൽ യാതൊരുവിധ വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നാണ് സമരം നയിക്കുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്. സമരം അതിശക്തമാക്കാനും തുറമുഖം നിശ്ചലമാകുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ കടലും കരയും ഉപരോധിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലും രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
അഞ്ചുതെങ്ങ്, പുതുക്കുറിച്ചി ഫെറോനകളും മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളും ചേർന്ന് മുതലപ്പൊഴി ഹാർബർ പ്രദേശത്ത് കരയും കടലും ഉപരോധിക്കും. മുതലപ്പൊഴിയിൽ അദാനി കമ്പനി കല്ലുകളിറക്കുന്ന സ്ഥലവും സമരക്കാർ ഉപരോധിക്കും. വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുല്ലൂർ കേന്ദ്രീകരിച്ച് കര സമരത്തിന് നേതൃത്വം നൽകുമ്പോൾ, തുറമുഖ പദ്ധതി പ്രദേശമായ വിഴിഞ്ഞം നിവാസികൾ വള്ളങ്ങൾ ഇറക്കി കടൽ മാർഗ്ഗം ഉപരോധിക്കും. വിവിധ ഫെറോനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും.
ജീവനും ജീവനോപാദികളും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മത്സ്യതൊഴിലാളികൾ നയിക്കുന്ന സമരം 100 ദിവസം പിന്നിട്ടിട്ടും സമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും ശാശ്വതമായ പരിഹാരം നടപ്പിലാക്കാൻ ഇതുവരെയും ഭരണകർത്താക്കൾക്കായിട്ടില്ല.