ദുബായിലെ കേരള ലത്തീൻ കത്തോലിക്ക കൂട്ടായ്മ കെ.ആർ.എൽ.സി.സി ദുബായ് “ലാറ്റിൻ ഡേയ് 2022” ആഘോഷിച്ചു. ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് കെ.ആർ.എൽ.സി.സി ദുബായ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായറാഴ്ചയാണ് ലാറ്റിൻ ഡേയ് സമുചിതമായി ആഘോഷിച്ചത്.
ഉച്ചക്ക് 2 മണിക്ക് വിജയപുരം റോമൻ കത്തോലിക്കാ രൂപതാദ്ധ്യക്ഷൻ സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. ദുബായ് ഇടവക വികാരി ഫാ. ലെനി കോന്നുള്ളി, മലയാളം കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയറക്ടർ ഫാ.വർഗീസ് കോഴിപ്പാടൻ, ഫാ.ജീസൻ, ഫാ.ടോണി, ഫാ.വിക്ടർ ഫെർണാണ്ടസ്, ഫാ.ആബിദ് എന്നിവർ സഹകാർമികരായിരുന്നു.
“സാഹോദര്യം വിതയ്ക്കുക” എന്ന ആപ്തവാക്യം മുൻനിർത്തി പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനം കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) യുടെ മൈഗ്രന്റ്സ് കമ്മീഷൻ ചെയർമാനായ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പിതാവ് ഉത്ഘാടനം ചെയ്തു. കേരള ലാറ്റിൻ കമ്മ്യൂണിറ്റി കെ.ആർ.എൽ.സി.സി ദുബായ് പ്രസിഡന്റ് ശ്രീ.മരിയദാസ് കെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീ. ബിബിൻ ജോസഫ് കൂട്ടായ്മയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സതേൺ അറേബ്യയുടെ വികാരി അപ്പോസ്തോലിക്ക ബിഷപ്പ് അഭിവന്ദ്യ പൗലോ മാർട്ടിനെല്ലി, ശ്രീ. ബിബിയാൻ ബാബു, റവ.ഫാ ലെനി, റവ.ഫാ. വർഗീസ്, മിസ് ജോവാന ഫെർണാണ്ടസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള ലാറ്റിൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ലാറ്റിൻ ഡേ 2022 ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്രീ.ഫ്രാൻസിസ് പനക്കലിന്റെ കൃതജ്ഞതയോടുകൂടിയാണ് ലാറ്റിൻ ഡേയ്ക്ക് സമാപനം കുറിച്ചത്.