പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിലൂടെ ക്രൈസ്തവർ ആഘോഷത്തേക്കുറിച്ചല്ല മറിച്ച് ക്രിസ്തുവിനെയും അവിടുത്തെ യഥാർത്ഥ സാന്നിധ്യത്തെയും കുറിച്ചുള്ള അവബോധമാണ് നേടേണ്ടതെന്ന് ഫ്രാൻസിസ് പാപ്പ. ജൂൺ 29 ന് ഡെസിഡറിയോ ഡെസിഡറാവി എന്ന അപ്പോസ്തോലിക ലേഖനത്തിലൂടെ അദ്ദേഹം പരിശുദ്ധ കുർബാനയുടെ മഹത്വത്തെപ്പറ്റി വിശദീകരിച്ചു. കുർബാനയുടെ ശക്തിയേയും സൗന്ദര്യത്തെയും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ആരാധന ക്രമത്തിലൂടെ സാധ്യമാക്കേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പായി ഉപയോഗിച്ചിരുന്ന ആരാധനക്രമത്തിലെ ആഘോഷങ്ങൾ പരിമിതപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും തന്റെ കത്തിൽ അദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ,എന്നിവർ അംഗീകരിച്ച ആരാധനാക്രമ ഗ്രന്ഥങ്ങൾ കൗൺസിലിലേ നവീകരണത്തിന് സഹായകമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാപ്പയുടെ പുതിയ കത്തിന്റെ ഉള്ളടക്കം കുർബാനയുടെ മഹത്തായ അനുഭൂതി തിരിച്ചറിയാനും അതിൽ നിർവൃതി കണ്ടെത്താനും കത്തോലിക്കരെ സഹായിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ആഘോഷങ്ങൾക്കല്ല മറിച്ച് ആത്മീയതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഈ അപ്പോസ്തോലിക ലേഖനത്തിലൂടെ അദ്ദേഹം ആവർത്തിക്കുന്നു.