ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ ബസിലിക്ക ദേവാലയത്തിൽ ജനുവരി 4-ന് എത്തിച്ചു. കിരീടനേട്ടത്തിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള നന്ദി സൂചകമായാണ് ട്രോഫി അർജന്റീനയിലെ ബസിലിക്ക ദേവാലയത്തിലേക്ക് എത്തിച്ചത്.
രാജ്യത്തെ സോക്കർ അസോസിയേഷന്റെ അധ്യക്ഷൻ ക്ലൗഡിയോ ടപ്പിയയാണ് ഇതിനുവേണ്ടി മുൻകൈ എടുത്തത്. ട്രോഫി ബസിലിക്കയിൽ കൊണ്ടുവന്നത് ഒരു ആശ്ചര്യമായി തോന്നിയില്ലെന്നും 1978ലും, 1986ലും കിരീടം നേടിയതിനു ശേഷം ടീമിലെ അംഗങ്ങൾ ഒരുമിച്ച് വന്നതുപോലെ, ഇത്തവണയും അങ്ങനെ ആവർത്തിക്കും എന്നാണ് ആദ്യം കരുതിയതെന്നു ബസിലിക്കയുടെ റെക്ടർ ഫാ. ലൂക്കാസ് ഗാർസിയ പറഞ്ഞു.
ലുജാനിലെ കന്യകാമറിയം എപ്പോഴും കളിക്കാരോട് ഒപ്പമുണ്ട്. ലോകകപ്പ് ട്രോഫി ഇവിടേക്ക് കൊണ്ടുവന്ന് ലഭിച്ച നേട്ടത്തിനും, അർജൻറീനക്കാരുടെ സന്തോഷത്തിനും ദൈവത്തോടും, പരിശുദ്ധ കന്യകാമറിയത്തോടും നന്ദി പറയാൻ ക്ലൗഡിയോ ടപ്പിയ ആഗ്രഹിച്ചിരുന്നുവെന്നും ഫാ. ലൂക്കാസ് ഗാർസിയ കൂട്ടിച്ചേർത്തു. അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ദശലക്ഷ കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും എത്തിക്കൊണ്ടിരിക്കുന്നത്. 1930 സെപ്തംബർ 8-ന് പിയൂസ് പതിനൊന്നാമൻ പാപ്പയാണ് അർജന്റീനയുടെ മധ്യസ്ഥ വിശുദ്ധയായി ‘ഔര്‍ ലേഡി ഓഫ് ലുജാനെ’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.