യു. എ. ഇ. യിൽ മത്സ്യബന്ധനത്തിനിടെ അതിർത്തി ലംഘിച്ചൂവെന്ന പേരിൽ ഇറാൻ ജയിലിലായ അഞ്ച് മാമ്പളി സ്വദേശികളുൾപ്പെടെയുള്ള 11 പേരുടെ മോചനത്തിനായി അതിരൂപത പ്രവാസി ശുശ്രൂഷയുടെ ഇടപെടൽ. നോർക്ക വഴി ഇറാനിലെ ഇന്ത്യൻ അമ്പാസഡറിനെയും ഇറാൻ അധികൃതരെയും ബന്ധപ്പെട്ട് ഇവരുടെ മോചനം സാധ്യമാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഇറാൻ കോൺസുലേറ്റിൽ നിന്നും മറുപടി ലഭിച്ചു. വിഷയം ശ്രദ്ധയില്പെട്ടിട്ടുണ്ടെന്നും, ഇവരുടെ മോചനം വേഗത്തിലാക്കാൻ നിയമപരമായ ഇടപെടൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തുന്നുണ്ടെന്നുള്ള ഇ-മെയിൽ സന്ദേശമാണ് ലഭിച്ചത്.
ജൂൺ 18 ഞായറാഴ്ച വൈകുന്നേരമാണ് ജെ.എഫ്. 40 നമ്പർ ബോട്ടിൽ തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് ഫെറോനയിലെ മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജുജോർജ് (54), ഓലവിളാകം വീട്ടിൽ ആരോഗ്യരാജ്(43) പുതു മണൽപുരയിടത്തിൽ ഡിക്സൺ, എൽ(46), നെടിയവിളാകത്ത് ഡെന്നിസൺ പൗലോസ്(48), കായിക്കരകുളങ്ങര പടിഞ്ഞാറ്റിൽ സ്റ്റാൻലി വാഷിംഗ്ടൺ(44) എന്നിവരുൾപ്പെടെ 11 അംഗ മത്സ്യത്തൊഴിലാളികൾ ദുബായിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിന് പോയത്. 18 ദിവസങ്ങളാവുമ്പോഴും ജയിലിൽ തുടരുന്നതിൽ നാട്ടിലെ ബന്ധുക്കൾ അതിയായ ദു:ഖത്തിലാണ്. അതിരൂപതയുടെയും, സംസ്ഥാന കേന്ദ്ര സർക്കാരുകളുടെയും ഇടപെടലുകളിൽ ഇവരുടെ മോചനം ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണവർ.