തിരുസഭ സകല പരേതാത്മാക്കളുടെയും തിരുന്നാളാഘോഷിച്ച ഇന്നലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനാപ്പൂർവ്വം ദിവ്യബലിയർപ്പിച്ച് അതിരൂപത അദ്ധ്യക്ഷൻ റവ. ഡോ. തോമസ് ജെ നേറ്റോ പിതാവും. ദൈവരാജ്യത്തിനുവേണ്ടി നന്നായി യുദ്ധം ചെയ്ത് ഓട്ടം പൂർത്തിയാക്കിയവരാണ് മരിച്ച വിശ്വാസികളെന്നും കല്ലറകളിൽ ശയിച്ചുകൊണ്ട് കർത്താവിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂർ ഇടവക ദേവാലയത്തിലാണ് പരേതാത്മാക്കൾക്കായി അദ്ദേഹം ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ചത്.
തിരുസഭ വിശ്വാസപ്രകാരം സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ്. വിശ്വാസികൾ ഈ ദിവസം സിമിത്തേരിയില്‍ പോയി തങ്ങളെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കുകയും, കുഴിമാടങ്ങളിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ക്ലൂണി സഭയുടെ 4- ത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. അദ്ദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞ്ഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു. അങ്ങനെ എല്ലാ വർഷവും നവംബർ 2- ന് സകല പരേതാത്മാക്കളുടെയും ഓർമ്മദിനമായി ആചരിക്കപ്പെടുന്നു.
അതിരൂപത അധ്യക്ഷൻ മുഖ്യ കാർമികനായിരുന്ന ദിവ്യബലിയിൽ മോൺ. നിക്കോളാസ് ടി, ഫാ. ഗ്ലാഡിൻ, ഫാ. മൈക്കിൾ തോമസ്, ഫാ. ജിം കാർവിൻ റോച്, ഫാ. സോജൻ, ഫാ. ജോറിസ് ജി എന്നിവരും സന്നിഹിതരായിരുന്നു.