തിരുവനന്തപുരം അതിരൂപത കെസിഎസ്എൽ-ൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ജൂലൈ 21- ആം തീയതി രാവിലെ 9.30 ന് പൂന്തുറ സെന്റ് ഫിലോമിനാസ് ജി. എച്ച്.എസ് സ്കൂളിൽ വച്ച് നടന്നു. അതിരൂപത ചെയർ പേഴ്സൺ കുമാരി ശ്രേയയുടെ അധ്യക്ഷതയിൽ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നേറ്റോ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ. സി. എസ്. എൽ സ്ഥാപിതമായതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഫലകം അതിരൂപതയിൽ ആദ്യമായി കെ. സി. എസ്. എൽ സ്ഥാപിതമായ സെന്റ്. ഫിലോമിനാസ് സ്കൂളിൽ വച്ച് തന്നെ അതിരൂപത അധ്യക്ഷൻ പ്രകാശനം ചെയ്തു.
സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ജ്യോതിസ് മാസികയുടെ മുഖചിത്രം മെത്രാപ്പോലീത്ത പ്രകാശനം ചെയ്ത് സ്കൂൾ എച്. എം- ന് സമ്മാനിച്ചു. കോവളം വൈദിക കോഡിനേറ്റർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, സ്റ്റേറ്റ് അംഗം ശ്രീമതി മേരി കാഞ്ചന, സ്കൂൾ എച്ച് എം, കെസിഎസ്എൽ അതിരൂപത ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുവർണ്ണ ജൂബിലി ദീപം മെത്രാപ്പോലീത്ത ചെയർപേഴ്സന് നൽകുകയും ദീപം ഫെറോന ചെയർപേഴ്സൺമാർക്ക് കൈമാറുകയും ചെയ്തു.
വിളക്കും പതാകയും ഓരോ ഫെറോനയും ഉദ്ഘാടന വേദിയിൽ വച്ച് അതത് ഫെറോനകളിലെ സ്കൂളുകൾക്ക് കൈമാറും. സുവർണ്ണ ജൂബിലി പതാക ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസ് ഫെറോന ജനറൽ സെക്രട്ടറിമാർക്ക് കൈമാറി. സെന്റ് ഫിലോമിനസ് സ്കൂളിലെ അൻപതോളം കുട്ടികൾ സുവർണ്ണ ജൂബിലി ഗാനം ആലപിച്ചു. ഫാ. ഡേവിഡ്സൺ സുവർണ്ണ ജൂബിലി പതാക ഉയർത്തുകയും കുട്ടികൾക്ക് കെസിഎസ്എൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
കോവളം ഫെറോനയിലെ സ്കൂളുകളിൽ നിന്ന്10 ,12 എന്നീ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 21 കുട്ടികൾക്ക് ജൂബിലി മെമ്മോറിയൽ ആശുപത്രി സംഭാവന ചെയ്ത മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു. അതിരൂപതയിലെ വിവിധ ഫെറോനകളിൽ നിന്നുള്ള സ്കൂളുകളിൽ നിന്ന് 350ലധികം കുട്ടികളും 50 ഓളം ആനിമേറ്റേഴ്‌സും പരിപാടിയിൽ സന്നിഹിതരായിരുന്നു. അതിരൂപത കെസിഎസ്എൽ പ്രസിഡൻറ് ശ്രീമതി ഫ്ലോറൻസ് ഫ്രാൻസിസ് പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും. അതിരൂപത സ്റ്റുഡൻ്റ്സ് ജനറൽ സെക്രട്ടറിയായ ധ്യാൻ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.