മണിപ്പൂരിലെ ദുരന്തമുഖത്തായിരിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി- യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപവാസ ധർണ്ണ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്ത് ആരംഭിച്ച ഉപവാസ ധർണ്ണയിൽ സന്ദേശം നൽകി സംസാരിച്ച അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, മണിപ്പൂരിൽ നിലനിൽക്കുന്നത് വംശീയപരമായ അക്രമങ്ങളാണോയെന്ന സംശയം രാജ്യത്തുടനീളമുയരുമ്പോൾ അതങ്ങനെയല്ലായെന്ന് സ്ഥാപിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് പറഞ്ഞു.
ഐക്യം നിലനിൽക്കുന്ന രാജ്യമെന്നു പറയുമ്പോഴും സമാധാനം നിലനിർത്താൻ സാധിക്കാത്ത, രാജ്യത്തെ ആദി ജനതയുടെ ഐക്യത്തെ തകർക്കും വിധത്തിലുള്ള അക്രമപ്രവർത്തനങ്ങളാണ് ഭരണഘടനാ വിരുദ്ധമായി മണിപ്പൂരിൽ നടക്കുന്നതെന്ന് അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്. പെരേര പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് മച്ചാഡോ, മോൺ. സി ജോസഫ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ പ്രസിഡന്റ് ജോർജ് ഉമ്മൻ, ഷെവലിയർ ഡോ. കോശി എം. ജോർജ് , ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെസിബിസി വനിതാ കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ , യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് പ്രസിഡന്‍റ് പി പി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഓസ്കര്‍ ലോപ്പസ്, കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, ആന്റണി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ഉപവാസ ധർണ്ണയിൽ തിരുവനന്തപുരം അതിരൂപതയിലെ 9 ഫെറോനകളിൽ നിന്നായുള്ള പ്രതിനിധികൾ നേതൃത്വം നൽകി.