മണിപ്പൂരിലെ കലാപകാരികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ. കെ. ആർ. എൽ. സി. സി – യുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മെയ് മാസം മുതൽ മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ചിലർ ആസൂത്രിതമായി നടത്തുന്നതാണെന്നും, അവിടത്തെ ജനങ്ങളുടെ വേദനയിലും, ദുരിതങ്ങളിലും പങ്കുചേരുന്നുവെന്നും അതിരൂപതാ അധ്യക്ഷൻ പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ദുരന്തമനുഭവിക്കുമ്പോൾ ഇവിടത്തെ ഭരണാധികാരികൾ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ലായെന്ന വേദനാജനകമായ സാഹചര്യമാണ് ഐക്യദാർഢ്യ ഉപവാസ ധർണ്ണ സംഘടിപ്പിക്കാൻ വഴിയൊരുക്കിയത്.
ദുരിതമനുഭവിക്കുന്ന ജനതയുടെ വേദനയിലും ദുഃഖങ്ങളിലും പങ്കുചേരുന്നതിന്റെ പ്രതീകമായാണ് ഇവിടെ ഈ ധർണ്ണയിലൊത്തുചേരുന്നത്. എത്ര തന്നെ പ്രതിസന്ധികൾ സൃഷ്ടിച്ചാലും അവിടെയെല്ലാം ക്രിസ്തുവിലുള്ള വിശ്വാസം വളർന്ന ചരിത്രസത്യത്തെ ആരും വിസ്മരിക്കരുതെന്നും ഓർമ്മിപ്പിച്ചു. കലാപകാരികൾക്ക് മാനസാന്തരമുണ്ടാകുന്നതിനും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനുമായി പ്രാർത്ഥിക്കണമെന്നും അതിരൂപതാ അധ്യക്ഷൻ അഭ്യർത്ഥിച്ചു.