തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി പ്രശസ്ത അനസ്തേഷ്യോളജിസ്റ്റ് ഡോ. ലിനറ്റ് ജൂഡിത്ത് മോറിസ് നിയമിതയായി. 1953-ൽ സ്ഥാപിതമായ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ സ്ഥാനത്ത് എത്തുന്ന ആദ്യ ലത്തീൻ കത്തോലിക്കയാണ് ഡോ. ലിനറ്റ്. തിരുവനന്തപുരം ലത്തീൻ അതുരൂപതയിലെ കുമാരപുരം ഇടവക അംഗമാണ് ലിനറ്റ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായിരുന്ന ന്യൂറോസർജൻ ഡോ. റെയ്മണ്ട് സഹോദരനാണ്. ഗോകുലം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. റെയ്മണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ആശുപത്രിയിലും സേവനം ചെയ്യുന്നു.
1962 ഒക്ടോബർ 31- ന് കൊല്ലം ഇരവിപുരത്ത് കൊല്ലം തോമസ് സ്റ്റീഫൻ കമ്പനിയുടെ ചീഫ് മാനേജർ ആയിരുന്ന ആന്റോ ജോൺ മോറിസിന്റെയും തെരേസ മോറിസിന്റെയും മകളായി ജനിച്ച ഡോ. ലിനറ്റ് 1977-ൽ കൊല്ലം മൗണ്ട് കാർമൽ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പാസായി എറണാകുളം ട്രീസാസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 1980ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ പഠനം ആരംഭിച്ച 1986ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി.
1993ല്‍ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അനസ്തേഷ്യയോളജിയിൽ എംഡിക്ക് പ്രവേശനം നേടിയ ഡോ. ലിനറ്റ് 1995ൽ എംഡി പാസായശേഷം കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അധ്യാപികയായി. തിരുവനന്തപുരം കോഴിക്കോട് ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ അനസ്തീഷ്യോളജി അധ്യാപികയായി. തിരുവനന്തപുരം ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. 2022 ജൂലൈയിൽ കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു. 2023 തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു.