തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിന് പൊന്തിഫിക്കൽ ദിവ്യ ബലിയോടെ സമാപനം. ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പുണ്യ കാൽപ്പാദം പതിഞ്ഞ ഇടം കൂടിയായ വെട്ടുകാട്ടിലെ, തിരുനാളിന്റെ സമാപന ദിവസം തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികനായി എത്തി.ക്രിസ്തുവിൽ നിന്ന് വഴി മാറിക്കൊണ്ടിരുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും, ക്രിസ്തുവിന്റെ രാജത്വത്തവും ക്രിസ്തുവിന്റെ വാഴ്ചയും അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കുകയാണ് ഈ തിരുനാളിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിൽ വീണ്ടും അധികാര ദുർവിനിയോഗത്തിന്റെയും തിന്മയുടെയും അടിച്ചമർത്തലിന്റെയും ശക്തികൾ പിടിമുറുക്കിയപ്പോൾ അവയ്ക്കെതിരെ ക്രിസ്തുവിന്റെ രാജത്വത്തിന്റെ ശാന്തിയും സമാധാനവും സ്നേഹവും ഈ തിരുനാളിലൂടെ പുനർസ്ഥാപിക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. മനുഷ്യന്റെ ചിന്തയിൽ നിന്നും ജീവിതത്തിൽനിന്നും ദൈവത്തെ മാറ്റി നിർത്തുകയും ദൈവം ഇല്ലയെന്ന് ജീവിതശൈലിയും ഉയർന്നു വരുന്നതിനോടുള്ള തിരുസഭയുടെ പ്രതികരണമായിരുന്നു ക്രിസ്തുവിന്റെ രാജത്വ തിരുനാൾ. ഭരണകൂടങ്ങളും സർക്കാരുകളും മാറി മാറി വരികയും പോവുകയും ചെയ്യും. എന്നാൽ ക്രിസ്തുവാകട്ടെ രാജാവായി എന്നേക്കും വാഴുകയും ചെയ്യുന്നുവെന്നതാണ് ഈ മഹോത്സവം ഓർമിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ജാതിമതഭേദമന്യേ നിരവധി പേരാണ് ഇവിടം സന്ദർശിച്ച് പ്രാർത്ഥിക്കാനായി ഈ തിരുനാൾ ദിവസങ്ങളിൽ എത്തിയതെന്ന് ഇടവക വികാരി ഫാ. ജോർജ് ഗോമസ് പറഞ്ഞു. തിരുനാൾ ദിവസങ്ങളിൽ നടന്ന സ്നേഹവിരുന്നിൽ നിരവധിപേർ കുഞ്ഞുങ്ങളുമായി ആദ്യ ചോറൂണിനായി ദേവാലയങ്കണത്തിൽ എത്തിയിരുന്നു. അതിരൂപതയിലെ മറ്റു വൈദികർക്കും സന്യസ്തർക്കുമൊപ്പം രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ തിരുനാൾ ദിവസങ്ങളിൽ സന്നിഹിതരായിരുന്നു. ഈ മാസം 11ന് ആരംഭിച്ച് ഭക്തിസാന്ദ്രമായി നിറഞ്ഞുനിന്ന 10 ദിവസത്തെ തിരുനാൾ മഹോത്സവത്തിനാണ് ഇന്ന് സമാപനമായത്.