തിരുവനന്തപുരം തീരദേശ മേഖലയിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി തീരനിവാസികൾ നടത്തി വരുന്ന പ്രതിഷേധം ശക്തമാവുന്നു. യുവാക്കളും സ്ത്രീകളും അടങ്ങുന്ന നൂറു കണക്കിനാളുകളാണ് ഇന്ന് രാവിലെ മുതൽ തുറമുഖത്തിലേക്കുള്ള പ്രധാന കവാടം തടഞ്ഞ് പ്രതിഷേധിക്കുന്നത്. പൊഴിയൂർ മുതൽ മാമ്പള്ളി വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ നിന്നാരംഭിച്ച കരിങ്കൊടിയേന്തിയ വാഹന റാലി അവസാനിച്ചത് വിഴിഞ്ഞത്തിനടുത്ത് മുല്ലൂരിലുള്ള തുറമുഖ കവാടത്തിന് മുൻപിലായിരുന്നു. സമരത്തിൽ നിന്നും പിന്നോട്ട് പോവില്ലെന്നും വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തികൾ മൂലം വഴിയാധാരമായ കുടുംബങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയുന്നത് വരെ പ്രതിഷേധം തുടരുമെന്നും തീരദേശജനത പറയുന്നു.
പലതവണ പഠനങ്ങൾ നടത്തി അവയിലൊക്കെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്ന് തെളിഞ്ഞിട്ടും ആ വസ്തുതകളെ മറച്ചുവച്ചുകൊണ്ട് നിർമ്മാണം തകൃതിയായി ഇവിടെ തുടരുമ്പോൾ എങ്ങനെ തീരജനത നോക്കിനിൽക്കുമെന്ന ചോദ്യമുയർത്തി അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ കാണുന്നത് ജനങ്ങളുടെ അനുഭവം അവർക്ക് നൽകിയ പോരാട്ട വീര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ജീവനും ജീവിതത്തിനും തടസം സൃഷ്‌ടിക്കുന്ന ഈ തുറമുഖ നിർമ്മാണം നിർത്തും വരെയും ഇവിടെ പോരാടാൻ രാവും പകലും തീരമക്കളുണ്ടാവും. തീരം കവർന്ന് തീരജനതയുടെ സമ്പത്ത് കവരുന്ന സാമ്പത്തിക ലാഭം ലക്ഷ്യമാക്കി തുടരുന്ന ഈ തുറമുഖ നിർമ്മാണം ഉടനടി നിർത്തി വയ്ക്കണം.
തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി പറയുന്ന വസ്തുതകളെ വകവയ്ക്കാതെ തുടരുന്ന തുറമുഖ നിർമ്മാണത്തെ സ്തംഭിപ്പിക്കാൻ തീരജനത തുറമുടക്കി വരും ദിവസങ്ങളിലും പ്രതിഷേധം തുടരും.അദാനി പോർട്ടിന്റെ അശാസ്ത്രീയ നിർമ്മാണ ദുരന്തം നേരിടുന്ന തീര ജനതയെ കേൾക്കാൻ യാതൊരു ഭരണാധികാരികളും മുന്നോട്ട് വന്നിട്ടില്ല.ഈയവസ്ഥയിൽ തങ്ങളുടെ അവകാശം നേടും വരെയും യാതൊരു ഭരണ ഭീഷണികളെയും ഭയക്കാതെതന്നെ രാപ്പകൽ സമരവുമായി മുന്നോട്ട് പോകാനാണ് അതിരൂപതയുടെ തീരുമാനം.നീതിക്കായി പോരാടുന്ന ഈ ജനതയെ കേൾക്കാൻ വോട്ടിനായി മാത്രം കേഴാനെത്തുന്ന ഒരു നേതാക്കളും ഇതുവരെയും എത്തിയിട്ടില്ല എന്നതാണ് വാസ്തവം.