അവകാശ പോരാട്ടം ആറാം ദിവസം പിന്നിടുന്നു.തീരദേശ ജനത തങ്ങളുടെ അവകാശങ്ങൾക്കായി സെക്രെട്ടറിയേറ്റിനു മുന്നിൽ പോരാടുമ്പോഴും,തീരം വിറ്റ് ലാഭമുണ്ടാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ സംവിധാങ്ങൾ.സമരത്തിന്റെ ആറാം ദിവസമായ ഇന്ന് അവകാശ പോരാട്ടത്തിന് നേതൃത്വം വഹിച്ചത് കോവളം ഫെറോനയിലെ വൈദീകരും ജനങ്ങളുമാണ്. ശക്തമായ സമരരീതികളാണ് തീരജനത ഓരോ ദിവസം കഴിയുന്തോറും പ്രകടമാക്കുന്നത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ബാൻഡ് മേളങ്ങളോടുകൂടി സെക്രട്ടറിയേറ്റിനു മുന്നിലെത്തി വൻ പ്രതിഷേധ പ്രകടനമായി മാറി. പാട്ടുകൾ പാടിയും നൃത്തച്ചുവടുകൾ വച്ചും ഇന്നത്തെ സമര നയം വ്യത്യസ്തമായി. ഇത് ജീവനുവേണ്ടിയുള്ളതും അതിജീവനത്തിനു വേണ്ടിയുള്ളതുമായ സമരമാണ്. വീടില്ല, മക്കൾക്ക് പഠിക്കാൻ ഇടമില്ല, വേല ചെയ്യാൻ തീരവുമില്ല.നാലഞ്ചു ദിവസമായി ഇവിടെ ഞങ്ങൾ പ്രതിഷേധം ഉയർത്തുമ്പോഴും അധികാരികളുടെ കണ്ണു തുറന്നിട്ടില്ലെന്നും, ഓഖി വിഴുങ്ങിയ തീരജനതയുടെ ജീവനെന്നപോലെ, സർക്കാർ അകമ്പടിയോടുകൂടി കോർപ്പറേറ്റ് കമ്പനികൾ ഇന്ന് ജീവിതവും വിഴുങ്ങുകയാണെന്ന് പൂന്തുറ ഇടവകവികാരി ഫാ.എ.ആർ. ജോൺ പറഞ്ഞു.
കോവളം ടൂറിസ്റ്റ് വില്ലേജ് കടൽ വിഴുങ്ങുകയാണ്. വൻ പാറകൾ ഇട്ട് കെട്ടിയിരുന്ന ഭിത്തികൾ പൊളിഞ്ഞു പോയി. പൂന്തുറയുടെ നിലനിൽപ്പ് ഇന്നും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണെന്നും വിഴിഞ്ഞം തുറമുഖം എന്ന വിനാശ തുറമുഖത്തിന്റെ ദുരന്തഫലമായി 500 കുടുംബങ്ങൾ ഗോഡൗണുകളിൽ ആയിട്ടും തിരിഞ്ഞുനോക്കാൻ ആരുണ്ടെന്ന് ചോദ്യം ഉയർത്തുകയായിരുന്നു വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര.ഫെറോന വികാരി ഫാ. ലാസർ ബെനഡിക്ട്,അൽമായ സമിതി അംഗങ്ങളായ ശ്രീ. ജോയ്, ശ്രീ.മാത്യു എന്നിവർ സമരത്തിന് അഭിവാദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സമരമുഖത്ത് കോവളം ഫെറോനയിലെ ജനങ്ങൾക്കൊപ്പം ഫാ. മെൽക്കൺ, ഫാ. ജോൺ ബോസ്കോ, ഫാ. തോമസ് ആർ, ഫാ. ആൻഡ്രൂസ്, ഫാ. ഡാർവിൻ ഫെർണാണ്ടസ്, ഫാ. ദീപക് ആന്റോ, ഫാ. തദയൂസ്, ഫാ. ജെനിസ്റ്റൻ, ഫാ.വിക്ടർ എവരിസ്റ്റസ്, ഫാ. ഡേവിഡ്സൺ ജസ്റ്റസ്,ഫാ.മനീഷ് പീറ്റർ,ഫാ.റോബിൻ,ഫാ. വിനീത് പോൾ,ഫാ. ബിനു ഒ. എഫ്. എം,വിവിധ സന്യസ്ത,അൽമായ പ്രതിനിധികളും അവകാശ പോരാട്ടത്തിൽ സന്നിഹിതരായിരുന്നു.