സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ 44 മെത്രാപ്പൊലീത്തമാർക്കൊപ്പം തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോയും ഫ്രാൻസിസ് പാപ്പയുടെ പക്കൽനിന്നും പാലിയം സ്വീകരിച്ചു.മെത്രാപ്പൊലീത്തമാർ തങ്ങളുടെ പ്രവിശ്യയിമേലുള്ള ഭരണാധികാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന സ്ഥാനിക ചിഹ്നമാണ് പാലിയം.പാലിയത്തെ ഐക്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തോടുഉള്ള കൂട്ടായ്മയുടെയും പ്രതീകമായാണ് അവതരിപ്പിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനാണ് പരമ്പരാഗതമായി പാലിയം ആശീർവദിക്കുന്നത്.
പാപ്പയ്ക്കും മെത്രാപോലിത്തമാർക്കും മാത്രമുള്ള സ്ഥാനിക ചിഹ്നമായ വെളുത്ത നിറത്തിലുള്ള പാലിയിത്തിൽ നാലോ ആറോ കുരിശിന്റെ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്.
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നെസിന്റെ തിരുനാളായ ജനുവരി 21നാണ് പാലിയത്തിന് വേണ്ടിയുള്ള രണ്ട് കുഞ്ഞാടുകളെ പാപ്പയ്ക്ക് സമർപ്പിക്കുന്നത്. രക്തസാക്ഷിത്വത്തിന്റയും വിശുദ്ധിയുടെയും പ്രതീകമാണ് ഈ രണ്ടു കുഞ്ഞാടുകൾ. പാപ്പയ്ക്ക് സമർപ്പിച്ച ഈ കുഞ്ഞാടുകളുടെ സംരക്ഷണച്ചുമതല സെന്റ് സിസിലിയുടെ ബസലിക്കയിലുള്ള സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടക്കുക. കഴിഞ്ഞ ഒരു വർഷക്കാലം പുതുതായി നിയമിതരായ ആർച്ച് ബിഷപ്പ് മാർക്ക് പാലിയം നിർമ്മിക്കാൻ ഈ കുഞ്ഞാടുകളെ ഉപയോഗിക്കുന്നു.