സ്വന്തം ലേഖകൻ
തിരുവനന്തപുരം അതിരൂപതയിലെ മുതിർന്ന വൈദികനായ റവ. ഫാ. ജോസഫ് മരിയ (85) അന്തരിച്ചു. ഇന്ന് (29.04.2021) രാവിലെ തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്ത്യശുശ്രൂഷകൾ ഏപ്രിൽ 30 വെള്ളിയാഴ്ച പകൽ 10 മണിക്ക് പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഫൊറോന ദേവാലയത്തിൽ വച്ച് നടക്കും. കർശന നിയന്ത്രണം ഉള്ളതിനാൽ രാവിലെ 6 മുതൽ 7 വരെ ഭവനത്തിലും 7 മുതൽ 10 വരെ ദൈവാലയത്തിലും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. ശവ സംസ്കാര ചടങ്ങുകൾക്ക് ചുരുക്കം വ്യക്തികൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഇടവകയിൽ ശ്രീ. ഫ്രാൻസിസ് മുത്തയ്യൻ – ശ്രീമതി. ഫ്രാൻസെസ്‌ക ദമ്പതികളുടെ മകനായി 1938 ഡിസംബർ 9ന് ജനിച്ച അദ്ദേഹം പുതുക്കുറിച്ചി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് കൊല്ലം സെന്റ് റാഫേൽ മൈനർ സെമിനാരി, ആലുവ കാർമൽ സെമിനാരി എന്നിവിടങ്ങളിൽ വൈദികപഠനം നിർവഹിച്ച ശേഷം 1962 മാർച്ച് 17ന് പൗരോഹിത്യം സ്വീകരിച്ചു.
വെട്ടുതുറ, ആളില്ലാതുറ (പുതുക്കുറിച്ചി), മര്യനാട്, വലിയവേളി, വിഴിഞ്ഞം, കഴക്കൂട്ടം (ഫാത്തിമ മാതാ), പൂന്തുറ, തുമ്പ, പുത്തൻതോപ്പ് ഇടവകകളിൽ സേവനം ചെയ്ത അദ്ദേഹം കോവളം, പുല്ലുവിള ഫൊറോനകളുടെ നേതൃത്വവും വഹിച്ചു. 2003ൽ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടർ ആയിരുന്ന അദ്ദേഹം 2013ൽ സജീവ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു.
സംഗീതപ്രേമിയായ അദ്ദേഹം നല്ലൊരു ഓർഗനിസ്റ്റ് ആയിരുന്നു. മിഷൻ പ്രവർത്തനങ്ങളിലും താല്പര്യം ഉണ്ടായിരുന്ന ജോസഫ് അച്ചന് “ബെൽറ്റ് അച്ചൻ” എന്നൊരു വിളിപ്പേരുണ്ടായിരുന്നു. അരയിലെ കറുത്ത കച്ചയാണ് ഈ വിളിപ്പേരിന് കാരണം. തന്റെ ബുള്ളറ്റിൽ കുട്ടികൾക്ക് മിഠായിയും മാതാവിന്റെ കാശുരൂപവും ജപമാലയുമായി ഇടവക അംഗങ്ങളെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്.
യൗസേപ്പിതാവിനെയും മാതാവിനെയും സ്വന്തം പേരിൽ ഉൾപ്പെടുത്തിയ അപൂർവം വ്യക്തികളിൽ ഒരാളാണ് ജോസഫ് അച്ചൻ. അതിരൂപതയിൽ പേരിലെ ഈ പ്രത്യേകത മറ്റൊരാൾക്കും ഉണ്ട്, അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയ്ക്കും, (“മരിയ സൂസ”പാക്യം).
പ്രിയപ്പെട്ട ജോസഫ് അച്ചന് അതിരൂപത മാധ്യമ കമ്മീഷന്റെ ആദരാഞ്ജലികൾ സംസ്കാര ചടങ്ങുകൾ മീഡിയ കമ്മിഷൻ YouTube ചാനലിൽ ലഭ്യമാകും.