മോചിക്കപ്പെട്ട പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്ന് ദൈവസന്നിധിയിലുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം (കാ.നി. 992) വി. യോസേപ്പിതാവിന്‍റെ വര്‍ഷത്തില്‍ തിരുസഭ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നു. അവ ലഭിക്കുവാന്‍ സാധാരണ നിര്‍ബന്ധിത യോഗ്യതകളായ കുമ്പസാരം, ദിവ്യകാരുണ്യം, (കാ.നി. 996) പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നിവയോടൊപ്പം അപ്പസ്തലിക് പെനിറ്റന്‍ഷ്യറി നല്‍കിയ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കേണ്ടതാണ്.
1. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെപ്പറ്റി 30 മിനിറ്റ് ധ്യാനിക്കുക. ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുക.
2. നസ്രത്തിലെ തിരുകുടുംബ പ്രാര്‍ത്ഥനാ മാതൃകയില്‍, കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.
3. അനുദിന പ്രവര്‍ത്തികള്‍, തൊഴില്‍ ജീവിതം എന്നിവ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ സംരക്ഷണ മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുക.
4. പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സഹോദരര്‍ക്കായി വിശുദ്ധ യൗസേപ്പിന്‍റെ ലുത്തിനിയ ചൊല്ലി പ്രാര്‍ത്ഥിക്കുക.
5. വിശുദ്ധ യൗസേപ്പില്‍ ദര്‍ശിക്കപ്പെടുന്ന നീതി, കരുണ എന്നീ പുണ്യങ്ങളെ സ്മരിച്ചുകൊണ്ട് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുക.
6. മാര്‍ച്ച് 19, മേയ് 1, മാസത്തിലെ 19-ാം തിയതി, ബുധനാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുക.
7. കുമ്പസാരം, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവ നിഷ്കര്‍ഷതയോടെ പരികര്‍മ്മം ചെയ്തുകൊണ്ട് വൈദികര്‍ക്കും സന്യസ്തര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാനാകും.
ഈ വ്യവസ്ഥകള്‍ സ്വന്തം ആത്മരക്ഷയ്ക്കായും ആത്മാക്കള്‍ക്കും വേണ്ടി അനുഷ്ഠിച്ചാല്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.