കടലാക്രമണത്തിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് തീരദേശവാസികൾ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയതുറയിൽ നടന്ന പ്രക്ഷോഭത്തിൻറ്റെ തുടർച്ചയായി വലിയ തോപ്പ് സെൻറ് ആൻസ് ഇടവകയുടെയും ചെറിയതോപ്പു ഫാത്തിമമാതാ ഇടവകയുടെയും നേതൃത്വത്തിൽ ശംഖുമുഖത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. അടിയന്തരമായി കടൽ ഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണം എന്നതാണ് ആവശ്യം. ചെറിയതുറ മുതൽ വലിയവേളി വരെയുള്ള തീരപ്രദേശങ്ങളിലെ 500 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു. തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. വലിയതുറ ഫെറോനയിലെ പത്തോളം ഇടവകകളിലെ പ്രതിനിധികൾ ചേർന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
വലിയതുറയിൽ കഴിഞ്ഞദിവസം സമര പരിപാടികൾ നടന്നിരുന്നു. അതിൻറെ തുടർച്ചയായി കൊച്ചുതോപ്പ് ഇടവകയിൽ നിന്ന് ആരംഭിച്ച ജാഥ വലിയ തോപ്പ് സെൻറ് ആൻസ് പള്ളി വികാരി ഫാ. ഹൈസിന്ത് നായകം ഉദ്ഘാടനം ചെയ്തു. ഈ വരുന്ന വർഷകാലത്ത് 150 ഓളം വീടുകൾ തകരുന്ന അവസ്ഥയിലാണെന്ന് കൊച്ചു തോപ്പിൽ ഇടവക വികാരി ഫാ. റോഡ്രിഗ്സ് കുട്ടി പറഞ്ഞു.