തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഇടവകകൾക്കായി നടത്തിയ ‘സ്വർഗ്ഗീയം 2020’ ഓൺലൈൻ കരോൾ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പള്ളിത്തുറ മേരി മഗ്ദലേന ഇടവക ടീം ഒന്നാം സ്‌ഥാനം നേടി. നീരോടി സെന്റ് നിക്കോളാസ് ഇടവകയും വലിയതുറ സെന്റ് ആന്റണീസ് ഇടവകയും യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി. തൃക്കണ്ണാപുരം ഗുഡ് ഷെപ്പേർഡ് ഇടവക ജനപ്രിയ ഗാനത്തിനുള്ള സമ്മാനം കരസ്‌ഥമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ വളരെ നല്ല രീതിയിൽ നടത്തിയ സ്വർഗ്ഗീയം കരോൾ മത്സരം 2020ൽ കോവിഡ് പ്രതിസന്ധി കാരണം ഓൺലൈൻ ആയിട്ടാണ് നടത്തിയത്. അതിരൂപതയിലെ പത്തോളം ഇടവക ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എൻട്രികൾ അയയ്‌ക്കേണ്ട അവസാന തീയതി 2020 ഡിസംബർ 23 ആയിരുന്നു. ഉപകരണത്തിന്റെ സഹായത്തോടെ ഗായകർ ഒരുമിച്ചു പാടിയ വീഡിയോകൾ അതിരൂപത മീഡിയ കമ്മീഷന്റെ യുട്യൂബ് ചാനലിൽ അവതരിപ്പിക്കുകയും ചെയ്തു.
2020 ഡിസംബർ 31ന് വെള്ളയമ്പലം കാർലോ അക്യൂട്ടിസ് സ്റ്റുഡിയോയിൽ വച്ച് അതിരൂപത വൈദികനും സംഗീത സംവിധായകനുമായ റവ. ഫാ. ആന്റോ ഡിക്‌സൺ, ഗായകനും അധ്യാപകനുമായ ബെൻ ഇ. മോഹൻ എന്നിവർ തത്സമയം ഫലപ്രഖ്യാപനം നടത്തി. 2021 ജനുവരി 29 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് വെള്ളയമ്പലം ജൂബിലി അനിമേഷൻ സെന്ററിൽ വച്ച് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് സമ്മാനദാനം നിർവഹിക്കും.
മത്സരത്തിൽ പങ്കെടുത്ത എല്ലാവര്ക്കും അതിരൂപത മീഡിയ കമ്മീഷന്റെ നന്ദിയും ആശംസകളും അറിയിക്കുന്നു.