കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് തന്റെ സംവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി തയ്യാറാക്കിയ ഫേസ്ബുക് കുറിപ്പ്…
രാവിലെ മുതൽ പലരും ആവർത്തിച്ച് ചോദിക്കുന്നു. ജാതി സ്പർധ വളർത്താൻ അല്ലേ? മുന്നാക്കക്കാരനും പിന്നാക്കക്കാരനും ദലിതനും എന്നൊക്കെ അതിർ വരമ്പുകൾ നിശ്ചയിക്കാനല്ലേ അത് ഉപകരിക്കൂ. നിങ്ങളെ പോലുള്ളവർ ഇങ്ങനെ ജാതി സംവരണം പറയാമോ? ചോദ്യം കേട്ടാൽ ശരിയല്ലേ എന്ന സംശയം ആർക്കും ഉണ്ടാകും.
വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. നിങ്ങൾ നമ്മുടെ രാജ്യത്തെ പാർലമെന്റിലെ ഇരു സഭകളെയും ഒന്ന് പരിശോധിക്കുക.
ലോകസഭയിൽ 543 അംഗങ്ങൾ. അതിൽ 126 പേർ ദലിത്, പിന്നാക്ക വിഭാഗത്തിൽപ്പെടും.
245 പേരുള്ള രാജ്യസഭയിലോ? അഞ്ചിൽ താഴെയാണ് ദലിത്, പിന്നാക്ക സമുദായത്തിൽപ്പെടുന്നവരുടെ പ്രാതിനിധ്യം. ഇന്ത്യയിലെ ജനസംഖ്യയുടെ 80% വരുന്ന ദലിത്, പിന്നാക്ക ജനവിഭാഗത്തിന് രാജ്യസഭയിൽ എന്തേ അഞ്ചിൽ താഴെ ആളുകൾ ആയിപ്പോയത്?
ഒറ്റ ഉത്തരമേയുള്ളു. ലോകസഭയിൽ സംവരണ സീറ്റുകളുണ്ട്. രാജ്യസഭയിൽ അതില്ല. രാജ്യത്തെ ഭരണ കേന്ദ്രത്തിന്റെ സ്ഥിതിവിശേഷമാണിത്.
സംവരണം അധികാരത്തിൽ പങ്കാളിത്തം നൽകലാണ്, അത് ജനപ്രതിനിധികളുടെ കാര്യത്തിലാണെങ്കിലും സർക്കാർ ഉദ്യോഗതലത്തിലാണെങ്കിലും.
സംവരണം ദാരിദ്ര്യം മാറ്റാനുള്ള പദ്ധതിയല്ല. അധികാരം നൽകലാണ്. ദലിതനും പിന്നാക്കക്കാരനും രാജ്യഭരണത്തിൽ പങ്കാളിത്തം നൽകൽ. സ്വാതന്ത്ര്യത്തിന്റെ 7 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യയിൽ അത് നടന്നില്ല എന്നാണ് രാജ്യസഭയിലെ ദലിത് പിന്നാക്ക അംഗസംഖ്യ സൂചിപ്പിക്കുന്നത്.
ജാതി കൊണ്ട് അധികാര ശ്രേണിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവന് മുഖ്യധാരാ പ്രവേശനം തിരികെ നൽകാനാണ് സംവരണാനുകൂല്യം. സാമൂഹികമായ ഒരു തെറ്റുതിരുത്തൽ നടപടി.