കോവിഡ് മഹാമാരി കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെങ്കിലും നിബന്ധനകൾക്ക് വിധേയമായി ലോകത്തിന്റെ പലഭാഗത്തും ദേവാലയങ്ങൾ തുറക്കുകയും ശുശ്രൂഷകൾ പുനരാരംഭിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിൽ ആഗോളതലത്തിൽ നവംബർ രണ്ടാം തീയതി സകല മരിച്ചവരുടെയും ഓർമയാചരിക്കുന്ന ദിവസമാണ്. കോവിഡ് സാഹചര്യത്തിൽ പൊതുവായ അനുസ്മരണം സാധ്യമല്ലാത്ത അവസ്‌ഥയാണ് നിലവിലുള്ളത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഇടവകകളിൽ സകല മരിച്ചവരുടെയും ഓർമയാചരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആചരിക്കാമെന്ന് അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം അറിയിച്ചു. നവംബർ രണ്ടാം തിയതിയാണ് ദേവാലയങ്ങളിൽ ആചരണവുമായി ബന്ധപ്പെട്ട ശുശ്രൂഷകൾ നടക്കുക.
ഞായറാഴ്ചകളിലും പ്രത്യേക അവസരങ്ങളിലും ദേവാലയത്തിനുള്ളിൽ 40 പേർക്ക് പങ്കെടുക്കാം എന്ന സർക്കാരിന്റെ നിബന്ധന അന്നേദിവസം പാലിക്കേണ്ടതാണ്. തിരുക്കർമങ്ങൾ ദേവാലയത്തിനുള്ളിൽ തന്നെ ക്രമീകരിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. സെമിത്തേരിയിലെ പ്രാർഥനയ്ക്കും ആശീർവാദത്തിനും വൈദികരും ശുശ്രൂഷകരും മാത്രമേ പാടുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അന്നേദിവസം വിശ്വാസികൾക്ക് അനുയോജ്യമായ സമയങ്ങളിൽ സെമിത്തേരിയിൽ പ്രാർഥിക്കാൻ അനുവദിക്കാവുന്നതാണെന്നും വൈദികർക്കായി പുറത്തിറക്കിയ സർക്കുലറിൽ അദ്ദേഹം സൂചിപ്പിച്ചു.