പ്രേം ബൊനവഞ്ചർ
പകർച്ചവ്യാധിയോടുള്ള പ്രതികരണം വ്യത്യാസങ്ങളോ തടസ്സങ്ങളോ ഇല്ലാതെ ആയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. 2020 സെപ്റ്റംബർ 9ന് വത്തിക്കാനിലെ തന്റെ പ്രതിവാര പൊതുകൂട്ടായ്മയിലാണ് പാപ്പ ഈ അഭ്യർത്ഥന നടത്തിയത്. സഭയുടെ സാമൂഹികപ്രകരണങ്ങളുടെ വെളിച്ചത്തിൽ, മഹാമാരിയാൽ മുറിവേറ്റ ലോകത്തെ സുഖപ്പെടുത്താനുള്ള നമ്മുടെ വ്യക്തിഗതവും കൂട്ടായ ശ്രമങ്ങളിൽ പൊതുനന്മയെ മാനിക്കുന്ന കാര്യങ്ങളായിരിക്കണം ലക്ഷ്യംവയ്ക്കേണ്ടത്.
ദൈവത്തിന്റെ നിരുപാധികമായ സ്നേഹം നമ്മുടെ ക്രിസ്തീയ പ്രതിബദ്ധതയെ പ്രചോദിപ്പിക്കുന്നു, മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തിനും അവരുടെ ക്ഷേമത്തിനായുള്ള നമ്മുടെ താൽപ്പര്യത്തിനും പരിധി നിശ്ചയിക്കരുതെന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളായതിനാൽ, നമ്മുടെ ക്ഷേമം ഒരു പൊതുകാര്യമാണ്, കേവലം സ്വകാര്യതയിലേക്ക് അത് വഴിമാറുന്നില്ല.
ഓരോ മനുഷ്യനെയും അവന്റെ പൊതുവായ നന്മയെയും നമ്മുടെ സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ പ്രവർത്തനങ്ങളുടെ മധ്യത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെ, നാം ആരോഗ്യകരവും നീതിപൂർവകവും സമാധാനപരവുമായ ഒരു ലോകം സൃഷ്ടിക്കും. അങ്ങനെ സ്നേഹത്തിന്റെ യഥാർത്ഥ നാഗരികത കെട്ടിപ്പടുക്കുന്നതിന് നാം സംഭാവന ചെയ്യുന്നു.
കൊറോണ വൈറസ് സാംസ്കാരികമോ രാഷ്ട്രീയമോ ആയ ഒരു തടസ്സമോ വേർതിരിവോ ശ്രദ്ധിക്കുന്നില്ല, സൃഷ്ടിക്കുന്നുമില്ല. അതേപോലെ നമ്മുടെ മാനവികതയ്ക്ക്, പരസ്നേഹത്തിനു ഒരു തടസ്സമോ വ്യത്യാസമോ നാം അടിച്ചേൽപ്പിക്കരുത്. മഹാമാരി നമുക്ക് മുന്നിലെത്തിച്ച ഗുരുതരമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിനായി, പൊതുനന്മയ്ക്കായി നാം പ്രവർത്തിക്കുമ്പോൾ, നമ്മുടെ ക്രിസ്തീയ വിളിയോട് വിശ്വസ്തതയോടെ വർത്തിക്കുവാൻ നമുക്ക് കഴിയട്ടെ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.