ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട തീർഥാടന സ്ഥലങ്ങളിൽ ഒരിക്കൽ പോലും സൂചിപ്പിക്കപ്പെടാത്ത ഒന്നാണ് അഞ്ചുതെങ്ങ്. പക്ഷെ
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോനാ ദൈവാലയത്തിനു വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുമായി അഭേദ്യമായ ബന്ധമുണ്ട്. ദേവസഹായം പിള്ളയുടെ ജീവചരിത്രം തമിഴില്‍ രചിച്ച അമല ഗിരി അന്തോണിമുത്തു രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
”അഞ്ചുതെങ്ങ് കോട്ടയിലേ
അടിത്തിഴുത്തു വന്നാര്‍കള്‍
അഞ്ചാമല്‍ കൊട്ടുമൈചെയ്തു
അടിമൈപോല്‍ വതൈത്താറുകള്‍.”
”അഞ്ചുതെങ്ങ് എന്ന സ്ഥലത്തുള്ള കോട്ടയില്‍ അദ്ദേഹത്തെ കാവല്‍ക്കാര്‍ അടിച്ചിഴച്ചുകൊണ്ടുവന്നു. ഒരു ദയവും ദൈവഭയവുമില്ലാതെ ഒരു അടിമയെപോലെ അദ്ദേഹത്തെ അവര്‍ ക്രൂരമായി ഉപദ്രവിച്ചു.”
ദേവസഹായം പിള്ളയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അന്നത്തെ കൊച്ചി മെത്രാന്‍ ക്ലെമന്റ് ഹോസ്സേ ലെയ്റ്റ (അദ്ദേഹം അഞ്ചുതെങ്ങില്‍ താമസിച്ചിരുന്നു) താത്കാലിക ഭദ്രാസന ദൈവാലയമായ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിൽ കൃതജ്ഞതാഗീതം ആലപിക്കുകയും തന്റെ രൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ദേവസഹായത്തെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുവാനും തദേവും ആലപിക്കാനും ആജ്ഞാപിച്ചുകൊണ്ട് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. കൂടാതെ 1756ല്‍ നടത്തിയ ‘ആദ് ലിമിന’ സന്ദര്‍ശനവേളയില്‍ ദേവസഹായത്തിന്റെ ധീരോചിതമായ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വത്തിക്കാനില്‍ സമര്‍പ്പിച്ചു.
ദേവസഹായത്തെ 2012 ഡിസംബര്‍ 2 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.