ഇന്ന് അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും നിലവിലിപ്പോഴത്തെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ സൂസപായ്ക്യം പിതാവിന്റെ 53-ആം പൗരോഹിത്യ വാർഷിക ദിനം. 53 വർഷത്തെ പൗരോഹിത്യ ജീവിതവും 32 വർഷത്തെ രൂപത അധ്യക്ഷ ജീവിതവും നയിച്ച വലിയ ഇടയന്റെ ലാളിത്യം നിറഞ്ഞ ജീവിത മാതൃക അതിരൂപത മക്കൾക്കെന്നും പ്രചോദനം പകരുന്നതാണ്.
തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1946 മാർച്ച് 11 നായിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1958- ൽ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്കു ശേഷം 1990 -ൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തപ്പെട്ടതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും മാറി.
മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ടു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആധ്യാത്മിക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും, സുവിശേഷ തീക്ഷ്ണതയും, ലാളിത്യവുമൊക്കെത്തന്നെയായിരുന്നു.