✍️ പ്രേം ബൊനവഞ്ചർ
ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിലെ പഴയ അംഗത്തെ സംഘത്തിലേക്ക് തിരിച്ചെടുത്ത് വത്തിക്കാൻ. തിരുസംഘത്തിൽ അംഗമായിരുന്ന ഇപ്പോഴത്തെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയാണ് അടുത്ത അഞ്ചു വർഷത്തേക്ക് (2021-2026) അംഗമായി പാപ്പ തിരഞ്ഞെടുത്തത്. 2011 മുതൽ 2016 വരെ തിരുസംഘത്തിൽ അംഗമായിരുന്ന ശേഷമാണ് വരാപ്പുഴയിലെ ലത്തീൻ കത്തോലിക്കരുടെ ഇടയനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം വടുതല ഇടവകാംഗമാണ്. 1978 മാർച്ച് 13 ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. റോമിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1984 മുതൽ 1989 വരെ റോമിലെ സെന്റ് പോൾസ് പൊന്തിഫിക്കൽ കോളേജിന്റെ വൈസ് റെക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം അതേവർഷം ഓഗസ്റ്റ് 15 ന് വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി നിയമിതനായി. 1996 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സഹ വികാരി, കളമശേരി സെന്റ് പോൾസ് കോളേജ് മാനേജർ എന്നീ നിലകളിലും അദ്ദേഹം അതിരൂപതയിൽ സേവനം ചെയ്തു.
1989-ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പ മോൺസിഞ്ഞോർ പദവി നൽകി. 1996 മുതൽ 2002 വരെ അതിരൂപതയുടെ വികാരി ജനറലായി. 2001 ജനുവരി 31 ന് മാർപ്പാപ്പയുടെ പ്രീലേറ്റ് ഓഫ് ഓണർ തലത്തിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. 2002 ഏപ്രിൽ 19ന് കോഴിക്കോട് ലത്തീൻ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മെയ് 19 ന് സ്‌ഥാനമേറ്റു.
ഒൻപത് വർഷത്തോളം രൂപതാധ്യക്ഷനായി സേവനം ചെയ്ത ശേഷം 2011 ഫെബ്രുവരി 22 ന് അഭയാർഥികൾക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി ബെനഡിക്റ്റ് പതിനാറാമൻ പാപ്പ പിതാവിനെ നിയമിച്ചു. 2011 മാർച്ച് 5 മുതൽ സുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിൽ അദ്ദേഹം അംഗമായി. 2016 ഒക്ടോബർ 31 ന് വരാപ്പുഴയുടെ ഒമ്പതാമത്തെ മെത്രാപ്പോലീത്തയായി ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചു.
അവലംബം : സിസിബിഐ