✍️ പ്രേം ബൊനവഞ്ചർ
ഗുജറാത്തിൽ സേവനം ചെയ്തിരുന്ന ഈശോസഭാംഗമായ ഫാ. കാർലോസ് ഗോൺസാൽവസ് വാലസ് എന്ന വൈദികന് ഭരതസർക്കാറിന്റെ പദ്മശ്രീ പുരസ്‌കാരം. സാഹിത്യരംഗത്തും വിദ്യാഭ്യാസരംഗത്തും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് മരണാന്തര ബഹുമതിയായിട്ടാണ് പദ്മശ്രീ പുരസ്‌കാരം നൽകുന്നത്.
ഈ വര്ഷം പദ്മശ്രീ പുരസ്‌കാരത്തിന് 102 പേരെയാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. എന്നാൽ ഭാരത രത്നയ്ക്ക് അർഥികൾ ഇല്ല. 7 പേർ പദ്മവിഭൂഷണും 10 പേർ പദ്മഭൂഷണും അർഹരായി.
1925 നവംബർ നാലിന് വടക്കൻ സ്‌പെയിനിലെ ലോഗ്രോണോ പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം, പതിനഞ്ചാം വയസിൽ ഈശോസഭയിൽ ചേർന്ന്. 1958 ഏപ്രിൽ 24ന് പൗരോഹിത്യം സ്വീകരിച്ചു. 1949ൽ തന്റെ 24മത്തെ വയസിൽ അദ്ദേഹം ഇന്ത്യയിലെത്തി. 1960-82 കാലയളവിൽ അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കോളേജിൽ ഗണിതശാസ്ത്രം അധ്യാപകനായി. ലഘുവായ വാക്യങ്ങളും സംഭാഷണ രീതിയിലുള്ള പഠന ശൈലിയും അദ്ദേഹത്തെ അധ്യാപകർക്കിടയിൽ വ്യത്യസ്തനാക്കി.
ഇന്ത്യൻ പൗരത്വം നേടിയിരുന്ന അദ്ദേഹം, ഗുജറാത്തി ഭാഷയിൽ തനതായ പുതിയൊരു രചനാശൈലി രൂപപ്പെടുത്തുകയും, പ്രസിദ്ധമായ ഗണിതശാസ്ത്ര പഠനങ്ങളെ ആ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ജീവിതനവോഥാനത്തെക്കുറിച്ചും മറ്റുമായി 78 പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.
1999ൽ യുവാക്കളെ ആകര്ഷിക്കുവാനും അവർക്കിടയിൽ പ്രവർത്തിക്കുവാനുമായി സ്വന്തമായി ഒരു വെബ്‌സൈറ്റ് നിർമിച്ചു. തുടർന്ന് അമ്മയോടൊപ്പം സ്പെയിനിലേക്ക് പോയ അദ്ദേഹം അമ്മയുടെ മരണം വരെ അവരെ പരിപാലിച്ചു.
പ്രബന്ധരചനയിൽ ഗുജറാത്ത് സർക്കാരിന്റ സാഹിത്യപുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുള്ള ഫാ. വാലസിന് ഗുജറാത്തി സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ രഞ്ജിതം സുവർണ ചന്ദ്രകും ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ വിദേശിയാണ് അദ്ദേഹം.
2020 നവംബർ 9ന് സ്‌പെയിനിലെ മാഡ്രിഡിൽ അന്തരിച്ച ഫാ. വാലസിന്റെ നിര്യാണത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസൊ ആബെ, ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യം (മരണാന്തരം), മൗലാനാ വഹീദുദ്ദീൻ ഖാൻ എന്നിവർ ഉൾപ്പെടെ പദ്മവിഭൂഷൺ നേടി. ഗായിക കെ. എസ്. ചിത്ര, മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്, മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ (ഇരുവർക്കും മരണാനന്തരം), മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർക്ക് പദ്മഭൂഷണും ലഭിച്ചു.
കായികതാരം പി. അനിത (തമിഴ്നാട്), പീറ്റർ ബ്രൂക്ക് (യുകെ), സാമൂഹ്യപ്രവർത്തകരായ ലാഖിമി ബറുവ (ആസാം), ചുട്നീ ദേവി (ജാർഖണ്ഡ്), കവി കൈതപ്രം ദാമോദരൻ നമ്പൂതിരി, സഞ്ജിത ഖാത്തൂൻ, ഖ്വാസി സജ്ജാദ് അലി സാഹിർ (ഇരുവരും ബംഗ്ലാദേശ്), സോളമൻ പാപ്പയ്യ (തമിഴ്നാട്) എന്നിവർ പദ്മശ്രീ ജേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.