ഭുവനേശ്വർ, ജൂലൈ 16, 2020: അടുത്ത വർഷം ആദ്യം ഒഡീഷയിൽ വച്ച് നടത്താനിരുന്ന കോൺഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 33-ാമത് പ്ലീനറി സമ്മേളനം, കോവിഡ് -19 കാരണം മാറ്റിവച്ചു.
ലാറ്റിൻ റീത്തിലെ ബിഷപ്പുമാരുടെ ദ്വി വാർഷിക സിസിബിഐ സമ്മേളനം 2021 ഫെബ്രുവരി 2 മുതൽ 12 വരെ ഒഡീഷയിലെ കട്ടക്ക്-ഭുവനേശ്വർ അതിരൂപതയുടെ നേതൃത്വത്തില്‍ സേവ്യർ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്ററിൽ വച്ചാണ് നടക്കേണ്ടതായിരുന്നത്.
“രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സിസിബിഐയുമായും എക്സിക്യൂട്ടീവ് കമ്മിറ്റിയുമായും കൂടിയാലോചിച്ച് പുതുക്കിയ തീയതികൾ നിശ്ചയിക്കും,” കട്ടക്ക്-ഭുവനേശ്വറിലെ എസ്. വി.ഡി. ആർച്ച് ബിഷപ്പ് ജോൺ ബാർവ പറഞ്ഞു.
ലാറ്റിൻ ബിഷപ്പുമാർക്ക് അല്മായരുടെ ഇടയ ആവശ്യങ്ങളെ സംബന്ധിച്ച ആശയങ്ങളും വിവരങ്ങളും കൈമാറാനും സഭയുടെ വിശാലമായ ആശങ്കകളെക്കുറിച്ച് മനസിലാക്കാനും അവരെ പ്രാപ്തരാക്കുന്ന ഒരു ദേശീയ എപ്പിസ്കോപ്പൽ ബോഡിയാണ് സിസിബിഐ.
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ബിഷപ്പുമാരുടെ കൂട്ടായ്മയാണിത്. 132 രൂപതകളും 165 സജീവവും വിരമിച്ചതുമായ ബിഷപ്പുമാരും ഇതില്‍ അംഗങ്ങളായുണ്ട്. ഇടയ പരിചരണത്തിനും സുവിശേഷവത്ക്കരണത്തിനും കോൺഫറൻസ് മെത്രാന്മാരെ സഹായിക്കുന്നു:
ലാറ്റിൻ രൂപതകളിലെ മൊത്തം കത്തോലിക്കാ ജനസംഖ്യ ഏകദേശം 15 ദശലക്ഷമാണ്. ലാറ്റിൻ രൂപതകളിലെ 8813 ഇടവകകളിലായി ഇരുപതിനായിരത്തോളം കത്തോലിക്കാ പുരോഹിതന്മാരും 62,000 കന്യാസ്ത്രീകളും ജോലി ചെയ്യുന്നു.