അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമായി ഇക്കൊല്ലം നല്‍കിയ നോമ്പുകാല ഇടയലേഖനത്തിലാണ് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പരസ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ പിന്‍ചെന്നുകൊണ്ട് നോമ്പാചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ ഇടയലേഖനം ഈ മാസം 21-ാം തീയതി ഞായറാഴ്ച ദിവ്യബലി മധ്യേ വായിക്കും. 16-ാം തിയ്യതി പുറത്തിറങ്ങിയ പിതാവിന്‍റെ നോമ്പുകാല ഇടയലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം.
വന്ദ്യ വൈദികരേ, പ്രിയമക്കളേ,
നമ്മുടെ അതിരൂപതാദ്ധ്യക്ഷന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അവസരമാണല്ലോ ഇത്. ഈ പശ്ചാത്തലത്തില്‍ തപസ്സുകാലത്തെ വിശുദ്ധീകരണത്തിനുതകുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
യേശുവിന്‍റെ പീഢാസഹന മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിച്ച് നവചൈതന്യത്തിലേയ്ക്ക് വളരുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന തപസ്സുകാലത്തിലേയ്ക്ക് കഴിഞ്ഞ ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് നാം തുടക്കം കുറിച്ചു. ഇത് നവീകരണത്തിന്‍റെയും കൃപാവരത്തിന്‍റെയും നാളുകളാണെന്ന് നമുക്കറിയാം. ڇഇതാ ഇപ്പോള്‍ സ്വീകാര്യമായ സമയം, ഇതാ ഇപ്പോള്‍ രക്ഷയുടെ ദിവസംڈ (2 കൊറി. 6:2) എന്ന പൗലോസ് അപ്പോസ്തലന്‍റെ വാക്കുകള്‍ നോമ്പുകാലത്തിന്‍റെ ഓരോ ദിവസത്തിന്‍റേയും പ്രാധാന്യമാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് സങ്കീര്‍ത്തകന്‍ ഇങ്ങനെ പറയുന്നു. ڇസായാഹ്നത്തിലെ നിഴല്‍പോലെ എന്‍റെ ദിനങ്ങള്‍ കടന്നുപോകുന്നു. പുല്ലുപോലെ ഞാന്‍ വാടികരിഞ്ഞുപോകുന്നുڈ (സങ്കീ. 102:11). ڇമനുഷ്യന്‍റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അത് വിരിയുന്നുڈ (സങ്കീ. 103: 15). നമ്മുടെ ജീവിതത്തിന്‍റെ നിസ്സാരതയേയും ക്ഷണികതയേയും ഓര്‍മിപ്പിച്ചുകൊണ്ട് കോവിഡ്-19 മഹാമാരി നമ്മെ ഭയത്തിന്‍റേയും ആശങ്കയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്നു. മനുഷ്യജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചും പരിമിതികളെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാട് ഈ മഹാമാരി സമ്മാനിച്ചു. ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും സഹോദരങ്ങളോട് സ്നേഹത്തോടും കരുതലോടും പെരുമാറി ദൈവസൃഷ്ടിയായ പ്രപഞ്ചത്തെ സംരക്ഷിച്ച് ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോകേണ്ടവരാണ് നാമെന്ന് ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു.
അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന ആഹ്വാനത്തോടെ നാം ക്ഷാരബുധന്‍ ആരംഭിച്ചു. തപസ്സുകാലം ഒന്നാം ഞായറായ ഇന്നത്തെ സുവിശേഷത്തില്‍ യേശു നമ്മെ ഏവരെയും മാനസാന്തരത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഇപ്രകാരം കല്പിക്കുന്നു. ڇസമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ڈ (മാര്‍ക്കോസ് 1.15). സ്വപിതാവിന്‍റെ ഭവനത്തില്‍ നിന്ന് എല്ലാം ശേഖരിച്ച് അകന്നുപോയ ധൂര്‍ത്തപുത്രന്‍റെ സ്ഥാനത്താണ് പലപ്പോഴും നമ്മള്‍. ഒരിക്കലും സഞ്ചരിക്കരുതാത്ത വഴികളിലൂടെ ധൂര്‍ത്തപുത്രനെപ്പോലെ നാം യാത്ര ചെയ്തിട്ടുണ്ടാകാം. പക്ഷേ പിതൃസ്നേഹത്തിന്‍റെ ഓര്‍മ്മയില്‍ തിരിച്ചുവരവിനു തയ്യാറായ ധൂര്‍ത്തപുത്രന്‍റെ മാതൃകയാണ് ഈ തപസ്സുകാലത്ത് നാം സ്വീകരിക്കേണ്ടത്. ڇപിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപം ചെയ്തുപോയി. നിന്‍റെ പുത്രനെന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേڈ (ലൂക്കാ. 15: 18, 19) എന്ന് എളിമയോടെ പ്രാര്‍ത്ഥിച്ച് മാനസാന്തരത്തിന്‍റെ ജീവിതം നയിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മുടെ പാപമേഖലകളെ ഉപേക്ഷിച്ച് വിശുദ്ധിയില്‍ ജീവിക്കുവാനുള്ള സമയമാണ് ഈ തപസ്സുകാലം. ڇഅതുകൊണ്ട് നിങ്ങളില്‍ ഭൗതികമായിട്ടുള്ളതെല്ലാം – അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി, ഇവയെല്ലാം നശിപ്പിക്കുവിന്‍ڈ (കോളോ. 3, 5). അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജ്ജിക്കുവിന്‍. പരസ്പരം കള്ളം പറയരുത്. പഴയ മനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിന്‍ (കൊളോ. 3: 8-9).
അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നവീകരണത്തിന്‍റേയും വിശുദ്ധിയുടേയും പാതയിലൂടെ എങ്ങനെ ജീവിക്കാമെന്ന് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ തന്‍റെ തപസ്സുകാല സന്ദേശത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വിശ്വാസം, പ്രത്യാശ. സ്നേഹം, എന്നിവയുടെ ആഴമായ വേരോട്ടം നടക്കേണ്ട സമയമാണ് നോമ്പുകാലമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധര്‍മ്മത്തിലൂടെയും ഇവ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് പാപ്പാ നിര്‍ദ്ദേശിക്കുന്നു. (രള.മത്താ. 6: 1-18). പാപ്പായുടെ സന്ദേശത്തെ ലളിതമായി വിശ്വാസത്തില്‍ ആഴപ്പെടേണ്ട കാലം, പ്രത്യാശയില്‍ വളരേണ്ടകാലം. സ്നേഹത്തില്‍ അഭിവൃദ്ധിപ്പെടേണ്ട കാലം എന്ന് സംഗ്രഹിക്കാം.
1. വിശ്വാസത്തില്‍ ആഴപ്പെടേണ്ട കാലം: വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ സ്വീകരിക്കുകയും ദൈവത്തിന്‍റേയും മനുഷ്യരുടേയും മുമ്പില്‍ അവന് സാക്ഷ്യം നല്‍കുകയുമാണ് വിശ്വാസ ജീവിതത്തിന്‍റെ കാതല്‍. സത്യം തന്നെയായ ക്രിസ്തുവിനെ അറിയുകയും അനുഭവിക്കുകയും അത് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം ദൈവവചനത്തോടുള്ള ഹൃദയത്തിന്‍റെ തുറവിയാണ്. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവനുണ്ടാകുന്നതിനും വേണ്ടിയാണ് താന്‍ സുവിശേഷം രചിച്ചതെന്ന യോഹന്നാന്‍റെ വാക്കുകള്‍ (യോഹ. 20, 31) നമുക്ക് അനുസ്മരിക്കാം. ദൈവവചനം ജീവദായകമാണ്. അത് മനുഷ്യന്‍റെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമാണ്. (സങ്കീ. 119, 105). വചനമാണ് ജീവന്‍റെ പൂര്‍ണ്ണതയിലേയ്ക്ക്, ക്രിസ്തുവിലേയ്ക്ക് നമ്മെ നയിക്കുന്നത്.
ഉപവാസം വചനമായ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഉപവാസം എന്നത് ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നത് മാത്രമല്ല; ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാ തിډകളോടും അകലം പാലിക്കുന്നതാണ്. അങ്ങനെ ഉപവാസത്തിലൂടെ ദൈവത്തെ നമ്മുടെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയും അനുദിനം ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്ത് നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തെ കുടിയിരുത്തുകയും ചെയ്തുകൊണ്ട് ഈ തപസ്സുകാലം അര്‍ത്ഥപൂര്‍ണ്ണമാക്കാം.
2. പ്രത്യാശയില്‍ വളരേണ്ട കാലം: തപസ്സുകാലം പ്രത്യാശയുടെ നാളുകളാണ്. യേശു നല്‍കുന്ന ജീവന്‍റെ ജലമായ പ്രത്യാശ നമ്മുടെ ജീവിതയാത്രയെ സധൈര്യം മുന്നോട്ട് നയിക്കുവാന്‍ സഹായിക്കുന്നു. സമരിയാക്കാരി സ്ത്രീയോട് ഞാന്‍ നിനക്ക് ജീവജലം നല്‍കാമെന്ന് യേശു പറഞ്ഞപ്പോള്‍ അവള്‍ക്ക് ഒന്നും മനസ്സിലായില്ല. അവളുടെ പഴയ പാപകരമായ ജീവിതത്തില്‍ നിന്ന് മോചനം നല്‍കി, ദൈവാത്മാവിനാല്‍ നിറച്ച് നിത്യരക്ഷയാകുന്ന ജീവജലം യേശു അവള്‍ക്ക് പ്രദാനം ചെയ്യുന്നു. നമ്മുടെ തെറ്റുകളിലും കുറവുകളിലും പാപങ്ങളിലും അവസാനിക്കേണ്ടതല്ല ജീവിതമെന്നും ദൈവത്തിന്‍റെ അനന്തമായ ക്ഷമ സ്വീകരിച്ചുകൊണ്ട് പ്രത്യാശയോടെ നിത്യജീവന്‍ ലക്ഷ്യമാക്കി ജീവിക്കണമെന്നും യേശു ആഗ്രഹിക്കുന്നു. യേശു പറഞ്ഞു: ڇഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേയ്ക്ക് നിര്‍ഗളിക്കുന്ന അരുവിയാകും.ڈ (യോഹ. 4, 14).
ദൈവത്തോടുള്ള അനുരഞ്ജനം വഴി നാം പ്രത്യാശയില്‍ ജീവിക്കണമെന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ ഉത്ബോധിപ്പിക്കുന്നു. ڇഞങ്ങള്‍ വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ദൈവത്തോട് രമ്യതപ്പെടുവിന്‍ڈ (2. കൊറി. 5, 20). പാപമോചനം വഴി ദൈവത്തോട് രമ്യതപ്പെട്ട നമ്മള്‍ സഹോദരരോടും രമ്യതയില്‍ കഴിയേണ്ടിയിരിക്കുന്നു. അവരുടെ ദുഃഖങ്ങളിലും നൊമ്പരങ്ങളിലും സമാശ്വാസവും സാന്ത്വനവുമായി വര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ڇനാം സോദരര്‍ڈ എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും ഭയങ്ങളുടെയും ഭാരത്തില്‍ പങ്കുചേരുക, കാരുണ്യത്തിന്‍റെ ഒരു കര്‍മ്മം, അന്യരെ വേദനിപ്പിക്കാതിരിക്കാനുള്ള താല്പര്യം, അവരുടെ ഭാരങ്ങള്‍ ലഘൂകരിക്കാനുള്ള സന്നദ്ധത, ആശ്വാസത്തിന്‍റേയും കാരുണ്യത്തിന്‍റെയും പ്രോത്സാഹനത്തിന്‍റേയും വാക്കുകള്‍ (നാം സോദരര്‍ നമ്പര്‍: 223), എന്നോട് പൊറുക്കുക, എന്നോട് ക്ഷമിക്കുക, നിങ്ങള്‍ക്ക് നന്ദി എന്നു പറയാന്‍, ഒരു പുഞ്ചിരി സമ്മാനിക്കാന്‍, നിസ്സംഗത വെടിഞ്ഞ് മറ്റുള്ളവരോട് കരുണയോടെ പെറുമാറാന്‍ (നാം സോദരര്‍ നമ്പര്‍: 224) കഴിയുമ്പോള്‍ നാം എല്ലാവരോടും അനുരഞ്ജിതരായി സഹോദരസ്നേഹത്തില്‍ കഴിഞ്ഞ് പ്രത്യാശയുടെ കൂട്ടായ്മ അനുഭവത്തില്‍ ജീവിക്കുന്നവരാകും.
നോമ്പുകാലത്ത് പ്രാര്‍ത്ഥന ദൈവവുമായും മനുഷ്യരുമായും സ്നേഹസമ്പര്‍ക്കത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുന്നു. യഥാര്‍ത്ഥ പ്രാര്‍ത്ഥന, ജീവിത പരിവര്‍ത്തനം സാദ്ധ്യമാക്കുകയും ദൈവത്തോടും പ്രകൃതിയോടും സഹോദരരോടും അനുരഞ്ജനത്തില്‍ ജീവിക്കാന്‍ നമ്മെ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ ജീവിതത്തിന് ഉത്തേജനവും ആന്തരിക പ്രകാശവും നല്‍കുന്നു (രള. മത്താ. 6, 6). ഈ ലോകത്തിലെ സഹനങ്ങള്‍ക്കും വിലാപങ്ങള്‍ക്കും അപ്പുറം ക്രിസ്തുവേകുന്ന ഉത്ഥാനാനുഭവത്തിന്‍റെ പ്രത്യാശയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥന നമുക്ക് ശക്തി പകരട്ടെയെന്ന് തപസ്സുകാലത്ത് ദൈവത്തോടപേക്ഷിക്കാം.
3. സ്നേഹത്തില്‍ അഭിവൃദ്ധിപ്പെടേണ്ട കാലം: എല്ലാ നിയമങ്ങളേയും സംഗ്രഹിച്ചുകൊണ്ട് യേശു സ്നേഹമെന്ന കല്പന നമുക്ക് നല്‍കി. ദൈവം സ്നേഹപിതാവാണെന്നും നാം അവിടുത്തെ മക്കളാണെന്നും അവിടുന്ന് പഠിപ്പിച്ചു. സ്നേഹമെന്നത് വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും മഹത്തായ പ്രകാശനമാണ്. അത് എല്ലാവരോടുമുള്ള കരുണയും കരുതലുമാണ്. ڇപരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍ അയല്‍ക്കാരനെ സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞുڈ (റോമ. 13, 8). വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം എന്ന് ഉത്ബോധിപ്പിക്കുന്ന വചനഭാഗം തപസ്സുകാലത്ത് നമുക്ക് ധ്യാനവിഷയമാക്കാം (1. കൊറി. 13). സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല, അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തേയും അതിജീവിക്കുന്നു (1. കൊറി. 13: 4-7). ഈ സ്നേഹത്തില്‍ ലോകത്തിലെ എല്ലാ മനുഷ്യരേയും സഹോദരി സഹോദരډാരായി കണ്ട് ഒരു ആഗോള സ്നേഹസംസ്ക്കാരം കെട്ടിപ്പെടുക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ڇനാം സോദരര്‍ڈ എന്ന ചാക്രികലേഖനത്തിലും നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
ദാനധര്‍മ്മം എന്ന ഭക്താഭ്യാസം മനുഷ്യരെ സ്നേഹത്തില്‍ ജീവിക്കുവാന്‍ ക്ഷണിക്കുന്നതാണ്. ഇത് ഉള്ളത് പരസ്പരം പങ്കുവച്ച് ജീവിക്കുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവം നമുക്ക് നല്‍കിയ ആരോഗ്യം, ബുദ്ധിശക്തി, കഴിവുകള്‍, സൗഭാഗ്യങ്ങള്‍ എന്നിവയെല്ലാം എല്ലാവരുടേയും നډയ്ക്കായി പങ്കിടാനുള്ളതാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ڇകാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ലڈ (1. യോഹ. 4: 2).
സ്നേഹം സഹായം ആവശ്യമുള്ളവരെ സ്വന്തമായി കരുതുന്നു. സ്നേഹപൂര്‍വ്വം കൊടുക്കുന്ന ചെറിയൊരു തുക ഒരിക്കലും വറ്റാത്ത ജീവന്‍റേയും സന്തോഷത്തിന്‍റേയും സ്രോതസ്സായി മാറുന്നു. അത്തരത്തിലുള്ളതായിരുന്നു സറോഫാത്തിലെ വിധവയുടെ എണ്ണപാത്രവും മാവിന്‍റെ കലവും. അതില്‍ നിന്നാണ് അവള്‍ പ്രവാചകനായ ഏലിയായ്ക്ക് അപ്പം നല്‍കിയത്. (രള. 1. രാജാ. 17: 7-16). അപ്രകാരം തന്നെയായിരുന്നു ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ജനക്കൂട്ടത്തിന് വിതരണം ചെയ്യാനായി ശിഷ്യډാരെ ഏല്പിച്ച സംഭവവും (രള. മാര്‍ക്കോ. 6: 30-44). പങ്കുവയ്ക്കുമ്പോള്‍ സന്തോഷം ഇരട്ടിക്കുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്നു.
ഈ നോമ്പുകാലത്ത് നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്ക് നമുക്ക് നല്ല അയല്‍ക്കാരാകാം. കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്നവരേയും, ഇതര രോഗങ്ങളാലും ദാരിദ്ര്യത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും ചേര്‍ത്തുപിടിക്കുകയും പരോപകാരപ്രവൃത്തികള്‍ വഴി ഭാവിയെക്കുറിച്ചുള്ള പ്രത്യാശയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ദൈവം അവരെ സ്നേഹിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്യാം.
പ്രിയ സഹോദരരേ, ഈ തപസ്സുകാലം മനുഷ്യജീവിതത്തിന്‍റെ നശ്വരതയേയും ക്ഷണികതയേയും മനസ്സിലാക്കിക്കൊണ്ട് ദൈവത്തിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും സത്പ്രവൃത്തികളിലൂടെയും നമുക്ക് പരിശ്രമിക്കാം. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും വിശ്വസിക്കാനും പ്രത്യാശിക്കുവാനും സ്നേഹിക്കുവാനുമുള്ളതാണെന്ന ആഴമായ ബോദ്ധ്യത്തിലേയ്ക്ക് നമുക്ക് വളരാം. അതുവഴി ക്രിസ്തുവില്‍ നിന്ന് നിര്‍ഗ്ഗളിക്കുന്ന വിശ്വാസത്തിന്‍റെയും പരിശുദ്ധാത്മനിവേശത്താലുള്ള പ്രത്യാശയുടെയും പിതാവായ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ ഹൃദയത്തില്‍ നിന്ന് ഒഴുകുന്ന സ്നേഹത്തിന്‍റേയും ചൈതന്യത്തില്‍ ജീവിക്കുവാന്‍ ഈ തപസ്സുകാലം നമ്മെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ,
ക്രിസ്തുദാസ് ആര്‍.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍