പദ്ധതിയുടെ അടങ്കൽ തുക 7425 കോടി രൂപയാണ്.
-ഇതിൽ തുറമുഖം നിർമാണ തുക 4089 കോടി (ഇതിൽ ഇതിന്റെ നടത്തിപ്പുകാരൻ ശ്രീ അദാനി ( APZEP വഴി) മുടക്കുന്നത് 2454 കോടി. കേരളം മുടക്കുന്നത് 1635 കോടി). കേരളം ഇത് എന്ത് കൊണ്ട് മുടക്കുന്നു എന്ന് ചോദിച്ചാൽ viability gap fund ആയിട്ടാണ് -അതായത് പദ്ധതി നഷ്ടമാന്നെന്നിരിക്കെ, അത് ആരെങ്കിലും നടത്തിയെടുക്കാൻ കേരളം മുടക്കുന്ന തുക (fund) എന്നർത്ഥം. അതിനെയാണ് viability gap fund എന്ന് പറയുന്നത്.
-കൂടാതെ, മത്സ്യബന്ധന ഹാർബറും, തുറമുഖത്തിനു വേണ്ടി വരുന്ന 3.1 കിലോ മീറ്റർ പുലിമുട്ടും, നിർമ്മിക്കാൻ 2013-ഇൽ കോൺട്രാക്ട് പ്ലാനിൽ പറഞ്ഞിരുന്നത്, 767 കോടി രൂപ, പിന്നീട് അത് 2014-ഇൽ 1210 കോടി രൂപ ആക്കി ഉയർത്തി, വീണ്ടും അത് 2015-ൽ 1463 കോടി.
മൊത്തം 1463 കോടിയും കേരളം മുടക്കും. ശ്രീ അദാനിക്ക് ഒരു പൈസയും മുടക്കേണ്ടതില്ല. (ഇങ്ങനെ തുക ഓരോ വർഷവും പുതുക്കി കൂട്ടിയത്, മനസിലാക്കാൻ/അംഗീകരിക്കാൻ പറ്റുന്ന ഒരു കാരണത്തിന്റെയും ബലത്തിലല്ല എന്ന് CAG (Comptroller and Auditor General) കുറ്റപ്പെടുത്തുന്നു, എന്നും ഇവിടെ സ്മരിക്കേണ്ടതുണ്ട്)
-തുറമുഖത്തിനുപുറത്തുള്ള അനുബന്ധവികസനം 1973 കോടി. കേരളം മുടക്കും. ശ്രീ അദാനിക്ക് ഒരു പൈസയും മുടക്കേണ്ടതില്ല.
കേരളം മുടക്കേണ്ട തുറമുഖം നിർമാണത്തുകയുടെ മാത്രം (1635 കോടി) പകുതി തുകയായ 817 കോടി കേന്ദ്രം കേരളത്തിന് മുൻകൂർ ആയി കടം കൊടുക്കും. ഇത് പിന്നീട് കേന്ദ്രത്തിന് കേരളം കൊടുത്തുതീർക്കണം. ആ തുക കേന്ദ്രം കൊടുത്തുകഴിഞ്ഞു. ആ തുക കൊണ്ടാണ്, ശ്രീ അദാനി ഇപ്പോൾ പണി തുടങ്ങിയിരിക്കുന്നത്. 3 കിലോമീറ്റർ (ശരിക്കും 3.1 കിലോമീറ്റർ) നീളത്തിലുള്ള പുലിമുട്ടിന്റെ മുഴുവൻ ചിലവും കേരളം മുടക്കുമെന്നിരിക്കേ, അതിന്റെ പണി നടത്തുന്നത് ശ്രീ അദാനി ആണ് – അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, വകയിരിത്തിയിരിക്കുന്നതിനേക്കാൾ ചെലവ് കൂടുമോ എന്നത് കാത്തിരിന്നുകാണാം. ചുരുക്കത്തിൽ, മൊത്തം ചിലവിൽ (7425 കോടി) കേരളം മുടക്കുന്നത് 5071 കോടി (മൂന്നിൽ രണ്ടു ഭാഗം). അദാനി മുടക്കുന്നത് 2454 കോടി. (5071 കോടി രൂപ വരുന്നത് എങ്ങനെ: തുറമുഖ നിർമ്മാണത്തിനു കേരളം കൊടുക്കുന്ന തുക 1635 കോടി, ഹാർബറും പുലിമൂട്ട് നിർമ്മാണം 1463 കോടി രൂപ, അനുബന്ധ വികസനം 1973 കോടി രൂപ)
താമസ സൗകര്യങ്ങളും, ബിസിനസ് സൗകര്യങ്ങളും തുറമുഖത്തിനുപുറത്ത് നടത്തുന്നതിന് വേണ്ടിവരുന്ന മുഴുവൻ സ്ഥലവും, റെയിൽ, റോഡും എന്നിവക്ക് വേണ്ടി വരുന്ന സ്ഥലവും, കേരളം ശ്രീ അദാനിക്ക് വാങ്ങിച്ചു കൊടുക്കണം. ഇതിൽ 30% സ്ഥലം free ആയിട്ട് കൊടുക്കണം; അത് കഴിഞ്ഞു ബാക്കിയുള്ള സ്ഥലം ശ്രീ അദാനി ഉപയോഗിച്ച് (ബിസിനസ്, മറ്റ് ആവശ്യങ്ങൾ) അതിന്റെ ലാഭം കിട്ടുന്ന മുറയ്ക്ക്, ആ ലാഭത്തിന്റെ 10% മാത്രം കേരളത്തിന് വേതനമായി നല്കും. ചുരുക്കത്തിൽ, സ്ഥലം ചുമ്മാ കൊടുക്കുന്നു.
കേരളം ചിലവഴിക്കുന്ന തുകയുടെ കണക്ക് ഒന്ന് ഗണിച്ചു നോക്കുക.
മേല്പറഞ്ഞ ആനുകൂല്യങ്ങൾ, കേരളം കൊടുക്കേണ്ടി വരുന്നതിന്റെ അടിസ്ഥാന കാരണമെന്ത് എന്ന് ചോദിച്ചാൽ, ഈ വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തു നടത്തുന്നതിനു കേരളം ചില ഔദാര്യം ചെയ്തു കൊടുക്കണമായിരുന്നു; അതിന്റെ കാരണമായി പദ്ധതി ഏറ്റെടുത്തു നടത്തുന്നവർ പറയുന്നത്, ഈ ആനുകൂല്യങ്ങൾ കേരളം കൊടുത്തില്ലെങ്കിൽ ഈ പദ്ധതി അവർ ഏറ്റെടുത്തു നടത്തുന്നത് നഷ്ടമായിരിക്കും എന്നാണ്. അതുകൊണ്ടാണ് കേരളം തുകകൾ മുടക്കേണ്ടി വരുന്നത് -അങ്ങനെ മുടക്കേണ്ടി വരുന്ന തുകയ്ക്കാണ് viability gap fund (VGF) എന്ന് പറയുന്നത്.
അതിന്റെ അർത്ഥം, പദ്ധതി അതിൽ തന്നെ നഷ്ടം എന്ന് ഈ പദ്ധതിയുടെ രൂപീകരണത്തിൽ തന്നെ ഇവർ സമ്മതിച്ചിരുന്നു എന്നതാണ്. ഇനി, വേണമെങ്കിൽ പറയാം, ഇത് എല്ലാ പദ്ധതിക്കുമുള്ള സാധാരണ നടപടിയാണ് എന്ന്. ആണോ എന്നറിയില്ല. ഇനി അങ്ങനെ ആണെങ്കിൽ, പദ്ധതി അസാധാരണമായി ലാഭം മാത്രം ഉണ്ടാക്കി തരുമെന്ന് നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നത് മുഴുവനും ശരിയല്ല എന്നാണല്ലോ നാം മനസിലാക്കേണ്ടത്. അല്ലെങ്കിൽ പിന്നെ കേരളം viability gap fund മുടക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ.
- b. പദ്ധതിയുടെ ലാഭവിഹിതം കണക്ക്:
-പദ്ധതി പൂർത്തിയാകേണ്ടിയിരുന്നത് ഡിസംബർ 2019 ആയിരുന്നു. പക്ഷേ, നടക്കില്ല. ചിലർ പറഞ്ഞിരുന്നത്, ശ്രീ അദാനി തുടങ്ങിയിരിക്കും, അല്ലെങ്കിൽ കേരളത്തിന് ശ്രീ അദാനി നഷ്ടപരിഹാരത്തുക കൊടുക്കേണ്ടിവരും, അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട എന്നാണ്. . ശ്രീ അദാനി കൃത്യം തുടങ്ങിയിരിക്കും. പക്ഷേ, നമുക്കറിയാം, തുടങ്ങില്ല, നഷ്ടപരിഹാരത്തുകയും കൊടുക്കില്ല. വിചിത്ര കാരണങ്ങളുമായി വീണ്ടും ചിലർ പ്രത്യക്ഷപ്പെടും.
-അതിരിക്കട്ടെ, പദ്ധതി പൂർത്തിയാക്കി ബിസിനസ് തുടങ്ങുന്ന ദിവസം മുതൽ 15 വർഷത്തേക്ക് ശ്രീ അദാനി ലാഭം എടുക്കും. അതുകഴിഞ്ഞു, ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിന് കൊടുക്കും. ഓരോ വർഷവും ഒരു ശതമാനം വീതം കൂട്ടും. പരമാവധി, ലാഭത്തിന്റെ 40% മാത്രമേ കൊടുക്കൂ എത്ര വർഷം ആയാലും. ഇതിൽ നിന്നും ആണ്, കേരളം കേന്ദ്രത്തിന്റെ തുക (817 കോടി) മടക്കി കൊടുക്കാൻ.
– 40 വർഷത്തേക്കാണ് ശ്രീ അദാനിക്ക് തുറമുഖം കൈകാര്യം ചെയ്യാൻ കൊടുത്തിരിക്കുന്നത്. സാധാരണ എല്ലാ PPP പദ്ധതിയിലും 30 വർഷത്തേക്കേ കാലാവധി ഉള്ളൂ എന്നിരിക്കെയാണിത്. 10 വർഷം കൂടുതൽ ശ്രീ അദാനിക്ക് കൊടുക്കുന്നത് കൊണ്ട് ശ്രീ അദാനിക്ക് കിട്ടുന്ന ലാഭം 29, 217 കോടി കേരളത്തിന് അത്രയും നഷ്ടം എന്നോർത്തോണം.
-40 വർഷം കഴിഞ്ഞു 20 വർഷത്തേക്ക് കൂടി അദാനി ആവശ്യപ്പെട്ടാൽ നീട്ടികൊടുക്കണം. നേരത്തെ, കേരളം പറഞ്ഞത് 10 വർഷം കൂടിയെ നീട്ടിക്കൊടുക്കും എന്നാണ്. അങ്ങനെ 10 ന് പകരം 20 വർഷത്തേക്ക് നീട്ടികൊടുത്തത് കൊണ്ട് കേരളത്തിന് നഷ്ടം 61, 095 കോടി രൂപ. 40 വർഷം കഴിയുമ്പോൾ നീട്ടികൊടുത്തില്ലെങ്കിൽ, കേരളം അദാനിക്ക് 19, 555 കോടി നഷ്ടപരിഹാരം കൊടുക്കണം.
-പദ്ധതി ലാഭമോ നഷ്ടമോ? 40 വർഷം കഴിയുമ്പോൾ മൊത്തം ലാഭം കിട്ടേണ്ടത് 78, 222 കോടി. ഇതിൽ കേരളത്തിന് കിട്ടുന്ന ലാഭം 13, 947 കോടി. 40 വർഷം കഴിയുമ്പോൾ നീട്ടികൊടുത്തില്ലെങ്കിൽ, 19, 555 കൊടുക്കണം. അങ്ങനെ വരുമ്പോൾ, പദ്ധതി കൊണ്ട് കേരളത്തിന് നഷ്ടം 5608 കോടി രൂപ. (അങ്ങനെ വരുമ്പോൾ, കൂട്ടികൊടുത്തേ പറ്റൂ. അങ്ങനെ കൂട്ടികൊടുക്കുമ്പോൾ, കേരളത്തിന് കിട്ടുമായിരുന്ന 61, 095 കോടി നഷ്ടം വരും). മേല്പറഞ്ഞവയെല്ലാം ഞാൻ പറഞ്ഞതല്ല. CAG (Comptroller and Audit General, 2016) റിപ്പോർട്ട് പറയുന്നതാണ്.
-അപ്പോൾ ചോദിക്കും, കൂട്ടിയും കിഴിച്ചും നോക്കിയാൽ കേരളത്തിന് 40 വർഷം കഴിഞ്ഞു ലാഭം 13, 947 കോടി ആണല്ലോ. എങ്കിൽ ലാഭമല്ലേ? എങ്കിൽ, അതും പരിശോധിക്കാം. പദ്ധതിയുടെ കേരളത്തിന്റെ മൊത്തം ചെലവ് 5071 കോടി). കൂടാതെ, ഇന്നത്തെ പൊന്നും വിലയ്ക്ക് സ്ഥലം താമസ-ബിസിനസ് ആവശ്യത്തിന് അദാനിക്ക് ഏറ്റെടുത്തു free ആയി കൊടുക്കുന്ന തുക എത്രയാകും എന്ന് കണക്ക് കൂട്ടുക (കോടികൾ വേണ്ടി വരും), കൂടാതെ, 40 വർഷം കഴിഞ്ഞ് കണക്കുകൂട്ടുന്ന രൂപയുടെ മൂല്യം നോക്കുക (13,947 ഇന്ന് മുടക്കുന്ന തുകയും അന്ന് കിട്ടുമ്പോൾ മൂല്യവും, വച്ചു കണക്ക് കൂട്ടുമ്പോൾ) ഇന്ന് നാം മുടക്കുന്ന തുകയ്ക്ക് സമാനമാകുമോ കിട്ടാൻ പോകുന്ന തുക? (ഇപ്പോൾ തന്നെ പദ്ധതിയുടെ തുക കൂടിക്കഴിഞ്ഞു – പുലിമൂട്ടു നിർമാണത്തിൽ).
പദ്ധതി ലാഭമോ നഷ്ടമോ? പദ്ധതി നഷ്ടം ആണെന്ന് പറയുന്നത് ഞാനല്ല, വഴിയേ പറയാം.
– അതുകൊണ്ട്, CAG പറയുന്നത്, മുമ്പ് പറഞ്ഞതുപോലെ ഒരു മാനദണ്ഡവും പാലിക്കാതെയുള്ള ഇളവുകൾ കൊടുത്തുപോകുന്ന ഈ പദ്ധതി കേരളത്തിന് നഷ്ടം എന്നാണ്. അപ്പോൾ, CAG കേരളത്തോട് ചോദിച്ചു, ഇത്രയും കേരളത്തിന് നഷ്ടം വരുത്തുന്ന പദ്ധതിയുമായി എന്തിന് മുന്നോട്ടു പോകുന്നു? കേരളം പറഞ്ഞത്, ഈ പദ്ധതിയിൽ നിന്നും കേരളത്തിന് കിട്ടാൻ പോകുന്ന തൊഴിലവസരങ്ങളെ ക്കുറിച്ചാണ്. അപ്പോൾ, CAG കൊടുത്ത മറുപടി, ആദ്യം ഇംഗ്ലീഷിൽ പറയാം, പിന്നെ പരിഭാഷപ്പെടുത്താം. CAG കേരളത്തോട് പറഞ്ഞു, ‘The reply was unacceptable… Further, the contention of GoK (government of kerala) in respect of the perceived economic benefits to the State from the project was doubtful. Since as described in paragraph 3.1.6., the ENPV of GoK’s investment was negative’ (3.1.9.1)…’That is, conditions are not favourable to the interests of the State…Therefore, the financial benefit accruing to the State is not commensurate with its investment’ (page 100).
അതായത്, ‘കേരളത്തിന്റെ മറുപടി അംഗീകരിക്കാൻ പറ്റില്ല… കേരളം പറയുന്നതുപോലെ ഈ പദ്ധതിയിൽ നിന്നും കിട്ടുമെന്ന് പറയുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടുമെന്നുള്ളത് സംശയാസ്പദമാണ്. കാരണം, കേരളം മുതൽ മുടക്കുന്നതിനെക്കാൾ നഷ്ടം ആണ് ഉണ്ടാകാൻ പോകുന്നത് (കാരണം, ENPV നെഗറ്റീവ് ആണ് ). ഈ പദ്ധതി സംസ്ഥാനത്തിന്റെ താല്പര്യത്തിനു അനുകൂലമല്ല…സാമ്പത്തിക ലാഭം എന്നത് മുതൽ മുടക്കുന്ന തുകയുമായി വച്ച് നോക്കുമ്പോൾ ഒട്ടും ആനുപാതികമല്ല’.
അതായത്, ENPV നെഗറ്റീവ് എന്നാൽ എന്താണ്?
ഒരു പദ്ധതി വിജയിക്കുന്നെങ്കിൽ, ആ പദ്ധതിയുടെ ENPV (Expected Net present value) പോസിറ്റീവ് ആയിരിക്കണം. അത് എന്താണ് എന്ന് വച്ചാൽ, ചിലവഴിക്കുന്ന തുകയെക്കാൾ, വരവ് കൂടുതലായിരിക്കും. എന്നാൽ CAG പറയുന്നു, വിഴിഞ്ഞം പദ്ധതി NPV നെഗറ്റീവ് ആണ് എന്ന്. അതായത്, കേരളം ചിലവഴിക്കുവാൻ പോകുന്നതിനെക്കാൾ വരവ് കുറവായിരിക്കും എന്ന്.
എന്ന് പറഞ്ഞാൽ, എന്റെ ആദ്യത്തെ ചോദ്യം, വിഴിഞ്ഞം സാമ്പത്തികമായി നേട്ടമായിരിക്കുമോ?
സാമ്പത്തികമായി വിഴിഞ്ഞം പദ്ധതി ആശാവഹമല്ല, എന്നാണ് മേല്പറഞ്ഞതിന് അർത്ഥം.