കോവളം നിയോജകമണ്ഡലം മുൻ എം.എൽ.എ. യും (2006-2011), പ്രമുഖ കോണ്ഗ്രസ് നേതാവുമായ അഡ്വ. ജോർജ് മേഴ്‌സിയര്‍ (68) അന്തരിച്ചു. വലിയതുറ സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7: 30ന് ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 11: 30ന് പാളയം സെൻറ് ജോസഫ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ വച്ചു നടക്കും.
1952 ജൂലൈ 12ന് പീയൂസ് മേഴ്സിയർ-ഐറിസ് മേഴ്സിയർ ദമ്പതികളുടെ മകനായി വലിയതുറയിലാണ് ജനിച്ചത്. 2006ൽ കോവളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷൻ, ജില്ല കൗണ്സിൽ അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അഭിഭാഷകനായി തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദവും പൈലറ്റ് ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ നിയമസഭാ അംഗമാണ് അദ്ദേഹം.
കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ച കാലഘട്ടത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ടൂറിസ്റ്റ് വില്ലേജ് എന്നിവയ്ക്കും തുടക്കംകുറിച്ചു. ഭാര്യ പി. പ്രസന്നകുമാരി. മക്കൾ അരുൺ ജോർജ്, അനൂപ് ജോർജ്.
രാഷ്ട്രീയ-പൊതുരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ ലത്തീൻ കത്തോലിക്കാ സമുദായ അംഗത്തിന് അതിരൂപതയുടെ ആദരാഞ്ജലികൾ. ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം മെത്രാപ്പോലീത്ത, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. സി. ജോസഫ് എന്നിവര്‍ ഭവനത്തിലെത്തി പ്രത്യേക പ്രാർഥന നടത്തി.