”ഞാൻ മുറിയിൽ ഒറ്റയ്ക്കിരുന്നു
ജനലിലൂടെ പുറത്തേക്ക് നോക്കുന്നു
ലോകം പുറത്തില്ലേ എന്നറിയാൻ” -സച്ചിദാന്ദൻ
എല്ലാവരും ഒരു ചെറുവൈറസിനുമുന്നിൽ, കോവിഡ് -19 മുന്നിൽ- മുട്ടു മടക്കിയിരിക്കുന്നു. ഇപ്പോഴത്തെ സംസാരവും ചർച്ചയും ഈ ചെറിയ-വലിയ വൈറസിൽ ഒതുങ്ങി കൂടിയിരിക്കുന്നു.എല്ലാവരുടെയും ആശങ്ക ഈ വ്യാധി എപ്പോൾ തീരും എന്നതിലാണ്. അടച്ചുപൂട്ടപ്പെട്ട വിശ്വാസം, ഭയപ്പെടുത്തലിൻറെ നടുക്കങ്ങൾ, അകലുന്ന സ്പർശനങ്ങൾ ഇതിനിടയിലെ നൂൽപ്പാലത്തിലൂടെ മനുഷ്യ ജീവിതം. ഒരു വൈറസ്മൂലം നാം എന്തെല്ലാം സഹിച്ചു, ത്യജിച്ചു, ത്യജിക്കുന്നു, ത്യജിക്കേണ്ടിയിരിക്കുന്നു – പ്രണയം, വ്യക്തിബന്ധങ്ങൾ, യാത്ര, ജോലി, ആരാധന, വിവാഹം, സൗഹൃദം, സംവാദം, ആഘോഷം, കൂട്ടുകൂടൽ, കളികൾ-ഇങ്ങനെ തുടങ്ങി ഏകാന്തതയുടെ ഇരുട്ടിൽ തപ്പിത്തടയുന്ന മനുഷ്യരായിമാറി നാം ഈ കോവിഡ് കാലത്ത് മാറിയിരിക്കുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നവന് ഇനി കോവിഡ് ഉണ്ടോ? ഇയാൾ മരിച്ചത് ഇനി വൈറസ് മൂലമാണോ? ഇനി എന്തിനും ഏതിനും ആർക്കം എപ്പോഴും കോവിഡ് പരിശോധന. ജില്ലവിട്ട്, സംസ്ഥാനംവിട്ട് , രാജ്യംവിട്ട് സഞ്ചരിക്കണമെങ്കിൽ, പറക്കണമെങ്കിൽ എല്ലാത്തിനും വേണം ഒരു കോവിഡ് പേപ്പർ. വീടുവിട്ടിറങ്ങണമെങ്കിൽ വീട്ടിൽകയറണമെങ്കിൽ പരിശോധന. ഇനി അതൊരു ആധാർ പോലുള്‌ള തിരിച്ചറിയൽ രേഖയാകുമായിരിക്കും. സമ്പന്നനും ദരിദ്രനും, സവർണ്ണനും അവർണ്ണനും, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും, അധികരിക്കും അടിമയ്ക്കും, വിശ്വാസിക്കും അവിശ്വസിക്കും ഒരുപോലെ ബാധകമായി കോവിഡ്-ഇനി സോപ്പും വെള്ളവും, സാനിറ്റൈസറും, മാസ്‌കും, സാമൂഹിക അകലവും വ്യതാസമില്ലാതെ ആർക്കും ബാധകം.
ഈ മഹാവിപത്തിനെ മറികടക്കാനുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി ഓരോ രാജ്യവും സർക്കാരും കിണഞ്ഞു പരിശ്രമിക്കുമ്പോൾ ആ അധികാരികളെ നിയന്ത്രിക്കുന്ന മറ്റൊരു അധികാരകേന്ദ്രമായി കോവിഡ് മാറി. കോവിഡ് നമ്മെ ഒത്തിരി മാറ്റിയിരിക്കുന്നു. ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു. ഓരോ മനുഷ്യ ജീവനും വിലയുള്ളതാണെന്നു പഠിപ്പിച്ചു.
എങ്കിലും ഈ കോവിഡ് കാലത്തു നാം കണ്ട കുറ്റകൃത്യങ്ങൾ, കൊടിയ അനാസ്ഥകൾ, കുടിയേറ്റ കൊലപാതകങ്ങൾ മനുഷ്യ ജീവന് വിലനൽകിയില്ല. അസമത്വം ഇല്ലാത്തതും ദാർദ്രക്ക് അവർ അർഹിക്കുന്ന പരിഗണന നൽകുന്നതുമായ കാലമാകണം ഇനി വരുന്ന കാലം എന്ന് ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ശ്രദ്ധേയമാണ്. യുദ്ധ സന്നാഹങ്ങൾക്കും സൈനിക ചിലവിനുമാണ് പ്രതിരോധത്തിനും ലോക രാഷ്ട്രങ്ങൾ കോടാനുകോടി ഡോളറുകൾ ചിലവഴിച്ചിരുന്നത്. അദൃശ്യനായ ശത്രുവിനെ നേരിടാൻ, വെടിക്കോപ്പുകൾക്കല്ല ഇനി വെന്റിലേറ്ററുകൾക്കാണ് നാം പണം മുടക്കേണ്ടതെന്നു കോവിഡ് ഓർമിപ്പിക്കുന്നു.