ഓരോ ഇടവകയിലും ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ട്, പട്ടിണി രഹിത ഇടവകകളായി മാറണമെന്ന് വി. യൗസേപ്പ് പിതാവിൻറെ വർഷത്തെ വിവിധ പരിപാടികള്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനത്തില്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. യൗസേപ്പ് പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പയസ് 9-ാമന്‍ പാപ്പാ പ്രഖ്യാപിച്ചതിൻറ 150 -ാം വാർഷികത്തോടനുബന്ധിച്ചാണ് യൗസേപ്പ് പിതാവിൻ്റെ വർഷമായും കുടുംബ വാർഷമായും ആഗോളസഭ ആചരിക്കുന്നത്. മാർച്ച് 19-ാം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയായിരിക്കും അതിരൂപതാ തലത്തില്‍ വര്‍ഷാചരണത്തിന് തുടക്കമാവുക.
അന്നേ ദിവസം വി. യൗസേപ്പ് പിതാവിൻറെ വർഷത്തിൻ്റെയും കുടുംബ വർഷത്തിൻ്റെതുമായ പുതിയ ലോഗോയും പ്രാർത്ഥനകളും പുറത്തിറക്കും. വർഷം മുഴുവനും പ്രത്യേകിച്ച് ബുധനാഴ്ചകളില്‍ വീടുകളിലും ദൈവാലയങ്ങളിലും വിവിധ നിയോഗങ്ങൾക്കായി പ്രാർഥിക്കാൻ ലക്ഷ്യമിട്ടാണ് പ്രാര്‍ത്ഥന പുറത്തിറക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ മാതൃകയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇടവകകളില്‍ വാര്‍ഷികധ്യാനം, കുടുംബ നവീകരണം എന്നിവ നടത്തുകയും യൗസേപ്പിതാവിന്‍റെ വണക്കമാസം ഉചിതമായി ആചരിക്കണമെന്നും വിജ്ഞാപനം പറയുന്നു.
ഈ വർഷത്തിൽ വിവിധ ഇടവകകളിലെ അപ്പന്മാരെയും നിരവധി മക്കളുള്ള കുടുംബങ്ങളെയും ആദരിക്കുന്ന ചടങ്ങുകളുണ്ടാവും. ജോസഫ് നാമധാരികളുടെ സംഗമവും ഉണ്ടാകും. ജൂലായ് നാലാം ഞായറാഴ്‌ച മുത്തശ്ശി മുതശ്ശൻമാരുടെ ദിനമായി ആചരിക്കും.
കുടുംബ വർഷവുമായി ബന്ധപ്പെട്ട് കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന വിവിധ പരിപാടികൾ കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടക്കും. പിരിഞ്ഞു താമസിക്കുന്ന കുടുംബാംഗങ്ങളേയും കൗദാശിക ജീവിതം നിലച്ചുപോയ വ്യക്തികളെയും തിരികെ കൊണ്ട് വരുന്നതിന് ഊന്നൽ നൽകണമെന്നും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് വൈദികരെ ഓർമ്മിപ്പിക്കുകയും ചെയ്തു.