പ്രേം ബൊനവെഞ്ചർ
മത്തായിയുടെ സുവിശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്നു. യേശു ദാവീദിന്റെ പുത്രനാണെന്ന് മത്തായി ഊന്നിപ്പറയുന്നു, അവൻ സ്വർഗ്ഗരാജ്യം സ്ഥാപിക്കാൻ വന്ന യൂദന്മാരുടെ യഥാർത്ഥ രാജാവാണെന്ന വിശേഷണം ശ്രദ്ധിച്ചാൽ അവിടെ രാജ്ഞിത്വത്തിന്റെ സ്‌ഥാനം എളുപ്പം മനസിലാകും.
ഏശയ്യ പ്രവചിച്ചതുപോലെ യേശുവാണ് ഇമ്മാനുവേൽ എന്ന് മത്തായി വ്യക്തമായി കാണിക്കുന്നു (മത്താ. 1:23). ഈ പ്രവചനം രാജാവായ മിശിഹായെ തന്റെ രാജ്ഞിയായ അമ്മയുമായി ബന്ധിപ്പിക്കുന്നു. കൂടാതെ, ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ ശിശുവെന്നും അമ്മയെന്നും പലതവണ ഉപയോഗിച്ചുകൊണ്ട് രാജ്ഞിയായ അമ്മയും രാജാവായ മകനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നു. പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്നതുപോലെ രാജ്ഞിയായ അമ്മയും രാജാവായ പുത്രനും തമ്മിലുള്ള ബന്ധത്തെ ഇത് ഓർമ്മിപ്പിക്കുന്നു. പഴയനിയമത്തിൽ രാജാക്കന്മാരുടെ അധ്യായങ്ങളിൽ യൂദായിലെ രാജാക്കന്മാർക്കൊപ്പം രാജ്ഞിയായ അമ്മയെ പരാമർശിച്ചതു പോലെ, മത്തായിയുടെ വിവരണങ്ങളിൽ മറിയത്തെ രാജകീയ പുത്രനായ യേശുവിനോടൊപ്പം പരാമർശിക്കുന്നു.
ലൂക്കായുടെ സുവിശേഷത്തിലും ദാവീദിന്റെ രാജവംശത്തിന്റെ പശ്ചാത്തലത്തിൽ മറിയത്തെ ചിത്രീകരിച്ചിരിക്കുന്നതായി നാം കാണുന്നു- പ്രത്യേകിച്ചും മംഗളവാർത്തയുടെ നേരത്തും എലിസബത്തിനെ സന്ദർശിക്കുന്ന വേളയിലും. ഒന്നാമതായി, ഗബ്രിയേൽ ദൂതൻ “ദാവീദിൻറെ വംശത്തിൽപ്പെട്ട” ഒരു പുരുഷനുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ട ഒരു കന്യകയ്ക്ക് അയയ്ക്കപ്പെട്ടതായി പറയപ്പെടുന്നു (ലൂക്ക 1:27). ദൂതന്‍ അവളോടു പറഞ്ഞു: “നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. (ലൂക്കാ 1 : 30-33)
മറിയത്തെയും അവളുടെ രാജകീയ പുത്രനെയും കുറിച്ച് ശക്തമായി വിവരിക്കുന്ന ഭാഗമാണിത്: ദാവീദിന്റെ ഭവനത്തിൽ നിന്നുള്ള ഒരു സ്ത്രീ ഒരു മകനെ പ്രസവിക്കും, അവൻ പുതിയ രാജാവായിത്തീരും, അവന്റെ ഭരണം ഒരിക്കലും അവസാനിക്കുകയില്ല. ദാവീദിന്റെ രാജവംശത്തിലെ രാജ്ഞിയായ അമ്മയുടെ പാരമ്പര്യത്തിൽ നിന്നുള്ള പ്രതിധ്വനികളും ഏശയ്യായുടെ പ്രവചനവും ചേർത്തുവായിച്ചാൽ, മറിയത്തിന് രാജ്ഞിയായ അമ്മ എന്ന വിളി ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.
എലിസബത്തിനെ സന്ദർശിക്കുന്ന വിവരണത്തിൽ മറിയത്തിന്റെ രാജകീയസ്‌ഥാനം കൂടുതൽ വ്യക്തമാകുന്നു. അവൾ മറിയത്തെ “എന്റെ കർത്താവിന്റെ അമ്മ” എന്നു വിശേഷിപ്പിച്ചാണ് അഭിവാദ്യം ചെയ്യുന്നത് (ലൂക്കാ 1:43). ഈ വിശേഷണം രാജ്ഞി എന്ന തലക്കെട്ടുമായി യോജിച്ചതാണ്. ഈ വിശേഷണത്തിലൂടെ അവൾ യേശു എന്ന രാജാവിന്റെ രാജകീയ അമ്മയെന്ന നിലയിൽ മറിത്തിന്റെ വലിയ അന്തസ്സ് തിരിച്ചറിയുന്നു.
അവസാനമായി, വെളിപാട് 12-ൽ വിവരിച്ചിരിക്കുന്ന മഹത്തായ ദർശനത്തിൽ മറിയത്തിന്റെ രാജകീയ പ്രഭാവം കാണാൻ കഴിയും : സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. (വെളി 12 : 1-2) ആരാണ് ഈ നവജാത ശിശു? തന്റെ ആധിപത്യം സ്‌ഥാപിക്കുന്ന മിശിഹൈക രാജാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 5-ാം വാക്യത്തിൽ, വെളിപാടിന്റെ രചയിതാവ് 2-ാം സങ്കീർത്തനത്തിലെ വാക്കുകൾ കടമെടുക്കുന്നു, “സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍.” (വെളി. 12: 5, സങ്കീ. 2: 9). ആ ശിശു “ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു,” (വെളി 12: 5) പിശാചിനെ പരാജയപ്പെടുത്തി അവൻ ദൈവരാജ്യത്തിൽ പ്രവേശിച്ചു. (വെളി 12 : 10) തീർച്ചയായും, ഈ നവജാത ശിശു രാജകീയ മിശിഹായ യേശുവാണ്.
മിശിഹായുടെ അമ്മ ആരാണെന്ന് ഇപ്പോൾ വ്യക്തമാണ്: അത് മറിയമാണ്. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം, ആ സ്ത്രീ യേശുവിന്റെ അമ്മയായ മറിയമാണെന്ന് മനസിലാക്കിയാൽ, അവളെ എങ്ങനെയാണ് രാജ്ഞിയായി ചിത്രീകരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തന്നെ താണുവണങ്ങുന്ന ജോസഫിന്റെ സ്വപ്നത്തെ ഈ പശ്ചാത്തലം ഓർമ്മിപ്പിക്കുന്നു. അവളുടെ രാജ്ഞിപദം എന്നത് അവളുടെ തലയിലെ പന്ത്രണ്ട് നക്ഷത്രങ്ങളുള്ള കിരീടത്തിലൂടെ കൂടുതൽ വ്യക്തമാക്കുന്നു. ജറെമിയ 13: 18-ലെ രാജ്ഞി-അമ്മയെപ്പോലെ, ഇവിടെ കിരീടം ധരിച്ച മറിയവും സ്വർഗ്ഗരാജ്യത്തിലെ തന്റെ രാജകീയ സ്ഥാനത്തെ പ്രതീകപ്പെടുത്തുന്നു. ചുരുക്കത്തിൽ, ദൈവരാജ്യത്തിലെ പുതിയ രാജ്ഞി-അമ്മയായി വെളിപാട് 12 മറിയത്തെ അവതരിപ്പിക്കുന്നു – അതുവഴി അവളുടെ മകന്റെ രാജ്യപരിപാലനത്തിലും അവൾ പങ്കുചേരുന്നു.
പഴയനിയമത്തിലെ രാജ്ഞി-അമ്മ പാരമ്പര്യം മറിയത്തിന്റെ രാജകീയപദവി മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന പശ്ചാത്തലമായി വർത്തിക്കുന്നതും പുതിയനിയമത്തിലെ വര്ണനകളും നാം കണ്ടു. അതിനാൽ, മറിയമെന്ന രാജ്ഞിയെ ബഹുമാനിക്കുന്ന പ്രാർത്ഥനകളും സ്തുതിഗീതങ്ങളും കലാസൃഷ്ടികളും ബൈബിൾ പശ്ചാത്തലത്തിൽ ഏറ്റവും അനുയോജ്യമായ പ്രകരണങ്ങളാണ്. രാജ്ഞി-അമ്മയെന്ന നിലയിൽ അവളെ ബഹുമാനിക്കുന്നതിലൂടെ നാം ക്രിസ്തുവിന്റെ മഹത്വത്തിന് കുറവ് വരുത്തുന്നില്ല. മറിച്ച്, അവളിലൂടെയും അവൾ വഴിയായും അവൻ ചെയ്ത മഹത്തായ പ്രവർത്തികൾ തിരിച്ചറിഞ്ഞുകൊണ്ട് നാം അവന് കൂടുതൽ മഹത്വം നൽകുന്നു.
മറിയത്തെ രാജ്ഞിയായ അമ്മയായി കണക്കാക്കുമ്പോൾ ക്രിസ്തീയ ജീവിതത്തിലെ അവളുടെ മദ്ധ്യസ്ഥതയുടെ പ്രാധാന്യവും നാം തിരിച്ചറിയുന്നു. ദാവീദിന്റെ രാജവംശത്തിലെപ്പോലെ, മറിയവും ഇന്ന് ദൈവരാജ്യത്തിലെ ജനങ്ങളുടെ അഭിഭാഷകയായി വിരാജിക്കുന്നു. അങ്ങനെ, നമ്മുടെ രാജ്ഞിയായ അമ്മയെ നാം ആത്മവിശ്വാസത്തോടെ സമീപിക്കാം. അവൾ നമ്മുടെ അപേക്ഷകൾ അവളുടെ പുത്രന് സമർപ്പിക്കും – സോളമൻ ബെത്‌ഷെബയോട് പറഞ്ഞപോലെ ആ മകൻ അമ്മയോട് പറയും : “ഞാൻ തള്ളിക്കളയുകയില്ല” എന്ന് !!
ഏവർക്കും പരിശുദ്ധ മറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ മംഗളങ്ങൾ !!