അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ കൊറോണ രോഗ പരിശോധന ഫലം നെഗറ്റീവ്. പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ ദ മെസന്‍ജര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇറ്റലിയില്‍ വൈറസ് ബാധ പടരുന്നതിനിടെ പാപ്പയുടെ അനാരോഗ്യം വലിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. പാപ്പയ്ക്ക് തൊണ്ടവേദനയും നേരിയ പനിയും ഉള്ളതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വത്തിക്കാന്‍ തയാറായിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഫ്രാന്‍സിസ് പാപ്പ അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. അനാരോഗ്യം കാരണം മാര്‍പാപ്പയുടെ മുഴുവന്‍ പരിപാടികളും റദ്ദാക്കുകയാണെന്ന് വത്തിക്കാന്‍ പിന്നീട് അറിയിക്കുകയായിരുന്നു. അതേസമയം, ബുധനാഴ്ച സെന്റ്പീറ്റേഴ്‌സ് ചത്വരത്തിലെ കുര്‍ബാനയില്‍ പങ്കെടുക്കവെ പാപ്പ ചുമയ്ക്കുകയും തുമ്മുകയും ചെയ്തിതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കി.
അതേസമയം, ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ആയി.