ചരിത്രത്തിലേറ്റവും പാരമ്പര്യത്തുടർച്ചയുള്ളതും എറ്റവും പീഢിപ്പിക്കപ്പെട്ടതുമായ സഭകളിലൊന്നായ ഇറാഖിലെ ക്രൈസ്തവരെ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുമ്പോൾ അത് ചരിത്രം വഴിമാറുന്ന ഒന്നായി തീരും എന്നതിൽ സംശയമില്ല. മാർച്ച് 5 മുതലുള്ള ദിവസങ്ങളിൽ ഫ്രാൻസീസ് പാപ്പാ ഇറാഖിലെത്തുമ്പോൾ ഇറാഖിലെ സഭയെക്കുറിച്ച് മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ.
ഇറാഖ് എന്ന് കേൾക്കുമ്പോൾ യുദ്ധവും രക്തച്ചൊരിച്ചിലുമാണ് മനസ്സിലെത്തുക. പക്ഷെ ക്രൈസ്തവ രാജ്യമായിരുന്നു നൂറ്റാണ്ടുകൾക്ക് മുമ്പു വരെ ഇറാഖ്. ബൈബിളിലെ പല വ്യക്തിത്വങ്ങളുടെയും ജന്മദേശം. വിശ്വാസികളുടെ പിതാവായ അബ്രഹാം ദക്ഷിണ ഇറാക്കിലെ ഊർ പട്ടണത്തിൽ നിന്നുള്ളയാളായിരുന്നു. എസക്കിയേൽ, ദാനിയേൽ പ്രവാചകന്മാരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവിട്ടതും ഇവിടെയായിരുന്നു. എന്തിന് ഏദൻതോട്ടം പോലും ഇന്നത്തെ ഇറാഖിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എസക്കിയേൽ പ്രവാചകന്റെയും യോനാ പ്രവാചകന്റെയും നാമത്തിലുള്ള ദേവാലയങ്ങൾ ഇന്നും ഇറാഖിൽ തലയുയർത്തിനിൽക്കുന്നു. ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായ വി. തോമസ്സിൽ നിന്നും, യൂദാ തദേവൂസിൽ നിന്നും വിശ്വാസം സ്വീകരിച്ചവരാണ് ഇറാഖിലെ ക്രൈസ്തവർ എന്നും കരുതപ്പെടുന്നു.
ക്രിസ്തുശതാബ്ദം ഒന്നു മുതൽതന്നെ അസൂയാവഹമായി വളർന്ന് പുഷ്ഠിപ്പെട്ട സഭാസമൂഹമായിരുന്നു ഇറാഖിലെ ക്രൈസ്തവസഭ എന്ന കാര്യം ഇന്ന് അവിശ്വസിനീയമായി തോന്നാം. 14-ാം നൂറ്റാണ്ട് വരെ ക്രൈസ്തവ ഭുരിപക്ഷവും, ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഈറ്റില്ലവുമായിരുന്നു ഇറാഖ്. ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ സഭകളിലൊന്നാണത്. തിമുർ എന്ന തുർക്കി- മംഗോളിയൻ വംശജനായ രാജാവിന്റെ കാലഘട്ടം മുതലാണ് ചരിത്രത്തിലെ വലിയ മതപരമായ ഉന്മൂലനത്തിന് ഇറാഖ് സാക്ഷിയായത്. തിക്രിത്ത് നഗരത്തിൽ മാത്രം 70,000 ത്തോളം ക്രൈസ്തവരേയും ബാഗ്ദാദിൽ 90,0000 ത്തോളം പേരെയും കൊന്നോടുക്കിയതോടെ ക്രൈസ്തവ അംഗസംഖ്യ ഗണ്യമായി കുറയാൻ തുടങ്ങി. പിന്നീടങ്ങോട്ടാരംഭിച്ച ആസൂത്രിതമായ മതമർദ്ദനത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ഇറാഖിലെ ക്രൈസ്തവ സഭ.
70 വർഷങ്ങൾക്കുമുമ്പുവരേപ്പോലും ക്രൈസ്തവ അംഗസംഖ്യ ജനസംഖ്യയുടെ 10-12% വരെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ നൂറ്റാണ്ടിലും ഇറാഖിലെ മതപീഡനം യാതോരു തത്വദീക്ഷയുമില്ലാതെ തുടർന്നു. യുദ്ധങ്ങളും കൂട്ടക്കുരുതികളും മതപീഡനങ്ങളും, ഇസ്ളാമിക് സ്റ്റേറ്റും, അൽ-ഖൈദയും ചേർന്നപ്പോൾ ഇറാഖിലെ ക്രൈസ്തവസഭ നമ്മുടെ കൺമുൻപിൽ വച്ചുതന്നെ ഉന്മൂലനത്തിന്റെ വക്കിലെത്തിനിൽക്കുന്നു. ഇന്ന് നാമമാത്രമായ 1.5% മാത്രമാണ് ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ.
ഈ സാഹചര്യത്തിലാണ് വിശ്വസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി ഫ്രാൻസസിസ് പാപ്പാ ദക്ഷിണ പൂർവ്വദേശത്തെത്തുന്നത്. എതെങ്കിലുമൊരു പാപ്പായുടെ ആദ്യ ഇറാഖ് സന്ദർശനമാണിത്. ഈ സന്ദർശനം പീഡിതസഭയെ ശക്തിപ്പെടുത്തുമെന്നും അവരുടെ മുറിവുകളിൽ ലേപനമാവും എന്നും കരുതപ്പെടുന്നു.