✍️ പ്രേം ബൊനവഞ്ചർ
വത്തിക്കാന്റെ പുതിയ വികാരി ജനറലായി കർദിനാൾ മൗറോ ഗാംബറ്റിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. റോമാ രൂപതയുടെ വത്തിക്കാനിൽ ഉൾപ്പെടുന്ന ഭാഗത്തിന്റെ ചുമതല അദ്ദേഹത്തിനായിരിക്കും. ഒപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ്, ബസിലിക്കയുടെ പരിപാലനചുമതല നിർവഹിക്കുന്ന ഫാബ്രിക് ഓഫ് സെന്റ് പീറ്റർ എന്ന സംഘടനയുടെ പ്രസിഡന്റ് എന്നീ പദവികളും വഹിക്കും. 2005 മുതൽ ഈ പദവികൾ വഹിച്ചിരുന്ന കർദിനാൾ ആഞ്ചലോ കൊമസ്ട്രി രാജിവച്ച ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. നിയമനം ശനിയാഴ്ച പ്രാബല്യത്തിൽ വന്നു.
2013 മുതൽ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ദേവാലയത്തോട് ചേർന്നുള്ള കോൺവെന്റിന്റെ മേൽനോട്ട ചുമതല നിർവഹിക്കുകയായിരുന്നു നിയുക്ത ആർച്ച്പ്രീസ്റ്റ് കർദിനാൾ ഗാംബറ്റി. വി. ഫ്രാൻസിസ് തന്നെ സ്‌ഥാപിച്ച സഭാസമൂഹമാണ് കോൺവെൻച്വൽ ഫ്രാന്സിസ്കൻസ് എന്നറിയപ്പെടുന്ന O.F.M. Conv. 55 വയസ്സുകാരനായ അദ്ദേഹം 2020 നവംബറിൽ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. കർദിനാൾമാരുടെ കൊളീജിയത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.
1965 ൽ ബൊലോഗ്‌നയിൽ ജനിച്ച ഗാംബറ്റി, ലോകത്തിലെ ഏറ്റവും പുരാതന സർവകലാശാലയായ ബൊലോഗ്ന സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1998-ൽ ഡീക്കനായി, 2000-ൽ പുരോഹിതനായി. ഇറ്റലിയിലെ എമിലിയ റോമാഗ്ന പ്രവിശ്യയിൽ യുവജന ശുശ്രൂഷയിൽ സേവനമനുഷ്ഠിച്ചു. 2009-ൽ ബൊലോഗ്ന പ്രവിശ്യയിലെ ഫ്രാൻസിസ്കൻ സുപ്പീരിയർ ആയി. 2020 നവംബർ 22 ന് ബിഷപ്പായി അവരോധിക്കപ്പെട്ടു. 2020 നവംബർ 28 ന് കർദിനാൾ ആയി ഉയർത്തപ്പെട്ട അദ്ദേഹം 1861 ന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യത്തെ കോൺവെൻച്വൽ ഫ്രാൻസിസ്കനാണ്.