പട്ന റോമൻ കത്തോലിക്കാ അതിരൂപതയുടെ കോഅഡ്ജ്യുട്ടർ ആർച്ച്ബിഷപ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ കല്ലുപുരയെ അതിരൂപത അധ്യക്ഷനായി ഉയർത്തി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. പട്ന അതിരൂപതയുടെ ആത്മീയ നേതൃത്വത്തിൽ നിന്ന് വിരമിച്ച മോസ്റ്റ് റവ. വില്യം ഡിസൂസ SJയുടെ രാജി സ്വീകരിച്ച മാർപ്പാപ്പ 68കാരനായ റവ. സെബാസ്റ്റ്യൻ കല്ലുപുരയെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിയമനം 2020 ഡിസംബർ 9 വൈകുന്നേരം 4.30ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1952 ജൂലൈ 14ന് പാലാ രൂപതയിലെ തീക്കോയിയിലാണ് ആർച്ച് ബിഷപ് സെബാസ്റ്റ്യൻ കല്ലുപുരയുടെ ജനനം. 1971ൽ പാലായിലെ മൈനർ സെമിനാരിയിൽ ചേർന്നു. 1984 മെയ് 14ന് വൈദികനായി. ബോംബെ സർവകലാശാലയിൽ നിന്ന് ബിഎഡ് നേടിയ അദ്ദേഹം 1984 മുതൽ 1999 വരെ പട്ന അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അതിരൂപത അസി. ട്രഷറർ (2000-2002), അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ (2008-2009), ബീഹാർ സോഷ്യൽ ഫോറം ഡയറക്ടർ (2009) എന്നീ പദവികളും വഹിച്ചു.
2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി. 2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇപ്പോൾ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്
അവലംബം : സിസിബിഐ