ആർത്തിരമ്പി ആവേശത്തോടെ കടലിന്റെ മക്കൾ അവകാശ പോരാട്ടത്തിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായി മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിൽ, മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തുറമുടക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കി കടൽ ഉപരോധിച്ചു. വിഴിഞ്ഞം തുറമുഖത്തിൽ കടൽ മാർഗമെത്തിയ മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചു.
തങ്ങളുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയാകുന്ന തുറമുഖ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന ഭരണകർത്താക്കളും ഇതു തന്നെയല്ലേ ലക്ഷ്യമിടുന്നതെന്ന ചോദ്യമുയർത്തിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ വള്ളം കത്തിച്ചത്. വിവിധയിടങ്ങളിൽ ഇടവകകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയോടുകൂടി ആരംഭിച്ച കര പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.
പോലീസിന്റെ ബാരിക്കേഡുകൾ തള്ളി നീക്കി ജനങ്ങൾ തുറമുഖത്തിനുള്ളിലേക്കിരച്ചു കയറി. വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുല്ലൂർ കേന്ദ്രീകരിച്ച് കര സമരത്തിന് നേതൃത്വം നൽകിയപ്പോൾ തുറമുഖ പദ്ധതി പ്രദേശമായ വിഴിഞ്ഞം നിവാസികളും പൂന്തുറയിലെ ജനങ്ങളും വള്ളങ്ങൾ ഇറക്കി കടൽ മാർഗ്ഗം ഉപരോധിച്ചു.
ജൂലൈ 21 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച മത്സ്യത്തൊഴിലാളികളുടെ അവകാശ സമരം ഇന്ന് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 100 ദിവസങ്ങൾ പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ മുല്ലൂരിലും മുതലപ്പൊഴിയിലും ബഹുജന കൺവെൻഷൻ നടന്നു.
പുതുക്കുറിച്ചി,അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഭാഗത്തെ കടലും കരയും ഉപരോധിച്ചു. അദാനി കമ്പനി കല്ലുകൾ ഇറക്കുന്ന പ്രദേശവും സമരക്കാർ ഉപരോധിച്ചു. ഞങ്ങൾക്ക് നഷ്ട്ടപ്പെട്ട വീടുകൾ, തൊഴിലിടങ്ങൾ, തൊഴിലുകൾ ഇവയൊക്കെ തിരിച്ചു കിട്ടണം. മത്സ്യത്തൊഴിലാളിയെന്നത് ഒരു വംശത്തിന്റെ പേരാണ്. തൊഴിലിന്റെയും ജീവിതത്തിന്റെയും പേരാണ്. വർഗീയവാദം പറഞ്ഞതുകൊണ്ടോ തീവ്രവാദം പറഞ്ഞതുകൊണ്ടോ ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. ഞങ്ങൾ 7ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതുന്നയിക്കാൻ ഭരണനേതാക്കൾ തന്നെയാണ് ഞങ്ങളെ പ്രേരിപ്പിച്ചതെന്നാണ് പ്രതിഷേധത്തിനായി ഒരുമിച്ചുകൂടിയ ജനങ്ങൾ പറയുന്നത്.
കടലിലെ സമരം മോൺ. നിക്കോളാസ് ടി യും കരസമരം വിളപ്പിൽശാല സമര നായകൻ ബുർഹാനും ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുമായി ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മോൺ. നിക്കോളാസ് ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പാവപ്പെട്ടവർ കഴിഞ്ഞ 100 ദിവസങ്ങളായി സമരം ചെയ്യുന്നത്. പക്ഷേ മുഖ്യമന്ത്രി അവരെ അവഗണിക്കുകയാണ്. പുരോഹിതന്മാർ സമര രംഗത്തിറങ്ങുന്നത് ഞങ്ങൾ മത്സ്യത്തൊഴിലാളികളുടെ മക്കളായതുകൊണ്ടാണ്.
സിനിമാതാരം അലൻസിയർ സംസാരിച്ചു. ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരം ഒരു നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും ഭരണാധികാരികളും അദാനിയുടെയും അംബാനിയുടെയും വാക്കുകേട്ട് ജീവിക്കുന്നവരാണെന്ന് ബോധ്യമായി. നമ്മുടെ മണ്ണെല്ലാം അവർ കവർന്നെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര, കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 73 ദിവസങ്ങളായി വിഴിഞ്ഞത്ത് കേരളം കാണുന്നത് സമാനതകളില്ലാത്ത സമരമാണ്. പോലീസ് ബാരിക്കേടുകൾ തകർത്ത സമരസമിതി പ്രവർത്തകർ പലതവണ പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ ദയനീയ അവസ്ഥയെ മനസ്സിലാക്കാത്ത ഭരണാധികാരികളോട് ശക്തമായ സമരമുറകൾ ഇറക്കി പൊരുതാൻ തന്നെയാണ് കടൽ ജനതയുടെ തീരുമാനം.