കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് കാലങ്ങളായി ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാരുമായി നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവനന്തപുരം അതിരൂപത വൈദീകർ.
മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ പാർപ്പിടം പോലുമില്ലാതെ, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ കാലങ്ങളായി ഈ പരിഷ്കൃത സമൂഹത്തിൽ ജീവിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. സമൂഹത്തിന്റെ സമ്പത്തികസുസ്ഥിതിയുടെ നട്ടെല്ലായ ഇക്കൂട്ടരേ കണ്ടില്ലെന്ന മട്ടാണ് പലപ്പോഴും സർക്കാർ സ്വീകരിക്കുന്നത്. ഈ വർഷകാലത്തും കൊല്ലങ്കോട്- പരുത്തിയൂർ മുതൽ അഞ്ചുതേങ് -മാമ്പള്ളി വരെ അഞ്ഞൂറിലധികം വീടുകൾ കടൽക്ഷോഭത്തിൽ നശിച്ചു.
അത് കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ചു തീരശോഷണം സംബന്ധിച്ച സമഗ്ര പഠനം നടത്തണമെന്നതാണ് പ്രധാന ആവശ്യം. വികസനത്തിന്റെ പേരിൽ സർക്കാർ കൂട്ട് നിന്ന് കടൽ തുരക്കുമ്പോൾ അതിന്റെ പരിണിത ഫലങ്ങൾ പലപ്പോഴും അരികിൽ താമസിക്കുന്ന മൽസ്യത്തൊഴിലാളികൾ പേറേണ്ടി വരുന്നു. കാലവസ്ഥക്ക് മേൽ പഴി ചാരി രക്ഷപെടാൻ എല്ലാക്കാലവും സർക്കാരിനാവില്ല.
ഈ ദുരിതങ്ങൾക്കിടയിലാണ് മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായ് ആശ്രയിക്കുന്ന മണ്ണെണ്ണയുടെ വില മുമ്പെങ്ങും കേട്ടിട്ടില്ലാത്തവിധം വർധിപ്പിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ മുന്നോട്ട് വച്ച് ജൂലൈ 20ന് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രെട്ടറിയേറ്റ് പടിക്കലേക്ക് വൈദീകരുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.