തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ദൈവാലയങ്ങളില്‍ വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താന്‍ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ലിറ്റര്‍ജി കമ്മീഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പുറപ്പെടുവിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് അത്യാവശ്യമായ ശുശ്രൂഷികളുള്‍പ്പെടെ അഞ്ചു പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. രൂപതാധ്യക്ഷന്മാര്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലും വൈദികര്‍ ഇടവക ദൈവാലയങ്ങളിലും അനുഷ്ഠിക്കുന്ന തിരുക്കര്‍മങ്ങള്‍ പ്രാദേശിക ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തത്സമയം ഭവനങ്ങളിലിരുന്നു പങ്കു ചേരാനുള്ള ക്രമീകരണങ്ങള്‍ കഴിവതും ചെയ്യണം. ഓശാന ഞായറാഴ്ച കുരുത്തോല ആശീര്‍വാദവും ആമുഖ സുവിശേഷവും പ്രദക്ഷിണവും ഒഴിവാക്കും.
പെസഹാവ്യാഴാഴ്ച പാദക്ഷാളന കര്‍മവും ദിവ്യബലിക്കു ശേഷം ആരാധനയ്ക്കായി ദിവ്യകാരുണ്യം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും ഒഴിവാക്കും. പൊതുദിവ്യകാരുണ്യാരാധനയും നടത്തുന്നില്ല. ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തുകയും തുടര്‍ന്ന് കെആര്‍എല്‍സിബിസി ലിറ്റര്‍ജി കമ്മീഷന്‍ നല്‍കിയിരിക്കുന്ന ആരാധനാക്രമമുപയോഗിച്ചുള്ള ആരാധനാശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യാം.
ദുഃഖവെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ ഭവനങ്ങളില്‍ കുരിശിന്റെ വഴി നടത്തും. ദൈവാലയങ്ങളില്‍ പരിഹാരപ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തരുത്. ഈ പരിഹാര കര്‍മങ്ങള്‍ ഈ വര്‍ഷം വിശുദ്ധ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 14നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 15നോ നടത്താവുന്നതാണ്.
വ്യക്തിഗത കുമ്പസാരം സാധ്യമല്ലാത്തതിനാല്‍ പൊതുപാപമോചനത്തിനുള്ള ശുശ്രൂഷകള്‍ വിശ്വാസികളെ അറിയിച്ചു കൊണ്ട് ദൈവാലയങ്ങളില്‍ നടത്തണം. ദിവ്യകാരുണ്യ സ്വീകരണവും ഇപ്പോള്‍ നേരിട്ടു സാധ്യമല്ലാത്തതിനാല്‍ ആത്മീയ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ വിശ്വാസികളെ സഹായിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.