-Anthony Vargheese
ഇന്ന് ഓഗസ്റ്റ് 4. ആർസിലെ പുരോഹിതനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം. ഒരു വൈദികനാകാനുള്ള ഒരു യോഗ്യതയുമില്ല എന്ന് കണ്ടെത്തി സെമിനാരിയിൽ നിന്ന് പുറത്താക്കേണ്ട അവസരം വന്നപ്പോൾ ദൈവത്തിലുള്ള വിശ്വസ്തതയെ മാനിച്ച് ജീവിച്ച ആർസിലെ ജോൺ മരിയ വിയാനിയിലെ വിശ്വസ്തതയെ മാനിച്ച ദൈവം അദ്ദേഹത്തെ നിത്യ പൗരോഹിത്യത്തിലേക്ക് ഉയർത്തി. അനേകം ആത്മാക്കളെ ഈശോയ്ക്ക് വേണ്ടി സ്വന്തമാക്കിയ, ആർസിലെ ദേവാലയത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത ബാലന് സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്ക് കാണിച്ചു തരാം പറഞ്ഞുകൊണ്ട് അവനെ ഈശോയ്ക്ക് വേണ്ടി നേടിയ, എല്ലാവരാലും ഒരുകാലത്ത് മണ്ടനെന്ന് മുദ്രകുത്തപ്പെട്ട അദ്ദേഹത്തെ ദൈവം ഒരു പുരോഹിതനായും മാത്രമല്ല സഭയുടെ എക്കാലത്തെയും വലിയ വിശുദ്ധരിൽ ഒരുവനായും ഉയർത്തി. ഒടുവിൽ മണ്ടനായി മുദ്രകുത്തപ്പെട്ട പുരോഹിതനായ ആ വിശുദ്ധ മനുഷ്യനെ തന്നെ ദൈവം വിദ്യാസമ്പന്നരും പ്രഗത്ഭരുമായ എല്ലാ വൈദികരുടെയും മാതൃകാ പുരുഷനായും മധ്യസ്ഥനായും ഉയർത്തിയത്. ഈ വിശുദ്ധ ദിവസത്തിൽ ലോകം മുഴുവനുമുള്ള എല്ലാ പുരോഹിതരെയും നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി സർവ്വവും ത്യജിച്ച് മറ്റൊരു ദേശത്തേക്ക് മറ്റൊരു സമൂഹത്തിലേക്ക് മറ്റൊരു ജനതയുടെ മുന്നിലേക്ക് മറ്റൊരു സംസ്കാരത്തിലേക്ക് അവർ ഇറങ്ങിച്ചെന്നു ക്രിസ്തു നാമവും മുറുകെപ്പിടിച്ചുകൊണ്ട് ക്രിസ്തു സുവിശേഷമായി മാറുവാൻ.
ക്രിസ്തു പാതയിൽ അവിടത്തെ പ്രഭാ വിളിച്ചത്തിൽ അവർ ഇന്നും നടന്ന് നീങ്ങുന്നു. ഒന്നും പ്രതീക്ഷിക്കാതെ ക്രിസ്തുവിനു വേണ്ടി. ഈ യാത്രയിൽ പോകുന്ന വഴികളിൽ അവർ നേരിടുന്ന പ്രതിബന്ധങ്ങൾ ചെറുതൊന്നുമല്ല. അപഹാസ്യങ്ങളും നിന്ദനങ്ങളും അവർ നേരിട്ടു കൊണ്ടേയിരിക്കുന്നു. ഈ യാത്രയുടെ ഇടവഴികളിൽ പതിയിരിക്കുന്ന ചെന്നായ കൂട്ടങ്ങളുടെ ആക്രമണത്തിനും ഇവർ ഇരയായികൊണ്ടിരിക്കുന്നു. ഇവരുടെ രക്തത്തിനായി ദാഹിക്കുന്ന രക്തദാഹികളായ വന്യമൃഗങ്ങളും ഇവരുടെ പിന്നാലെ തന്നെയുണ്ട് ഇവരുടെ കാലൊന്നിടറി തെന്നി വീഴുന്നതും കാത്ത്. ഈ പൗരോഹിത്യ യാത്രയിൽ എത്രയെത്ര പേർ ഇടറി വീണു യാത്ര അവസാനിപ്പിച്ചു പിന്തിരിഞ്ഞോടി എന്നിരുന്നാലും യാത്ര ചെയ്യുന്ന വിശുദ്ധ ജന്മങ്ങളുടെ ക്രിസ്തു ജീവിതം കണ്ടറിഞ്ഞ് കേട്ടറിഞ്ഞു അനുഭവിച്ചറിഞ്ഞു പതിന്മടങ്ങ് ആളുകൾ ഇവരുടെ യാത്രയിൽ ഒപ്പം കൂടുന്നു. ക്രിസ്തു സുഗന്ധം പരത്തി നടന്നുപോയ എത്രയോ ജീവന്റെ ഇതളുകൾ ഈ യാത്രയുടെ മധ്യേ കൊഴിഞ്ഞു വീണു പോയി. എങ്കിലും അവർ ക്രിസ്തുവിനുവേണ്ടി യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. ഒരു സാധാരണക്കാരനെ പോലെ തന്നെ ബലഹീനതകൾ നിറഞ്ഞ ജീവിതമാണ് ഒരു ക്രിസ്തു പുരോഹിതനും ഉള്ളത് എന്നാൽ ആ ബലഹീനതകളെല്ലാം ക്രിസ്തുവിനുവേണ്ടി പരാജയപ്പെടുത്തുവാൻ അവൻ കടപ്പെട്ടിരിക്കുന്നു. എങ്കിലും ജീവിത പരീക്ഷയിലും ബലഹീനതയിലും അവർ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു. എങ്കിലും പ്രലോഭനങ്ങളെ പരാജയപ്പെടുത്തിയ ക്രിസ്തുവിനെ കണ്ടുകൊണ്ട് കണ്ണുനീരോടെ അനുതപിച്ചു അവിടത്തെ കരങ്ങൾ പിടിച്ചുകൊണ്ട് ക്രിസ്തുവിനു വേണ്ടി നടന്നുനീങ്ങുന്നവനാണ് ഒരു പുരോഹിതൻ.
ക്രിസ്തുവിനെ സ്വപ്നം കണ്ട് ക്രിസ്തു രാജ്യം പണിതുയർത്താൻ അവനോടൊപ്പം യാത്രചെയ്യുന്ന പുരോഹിതരായ കതിരുകളോടൊപ്പം സ്വാർത്ഥ ലാഭത്തിനുവേണ്ടി വെമ്പൽ കൊള്ളുന്ന പുരോഹിതരായ കളകളും ഇവരോടൊപ്പം ഉണ്ടായിരുന്നു. അവരുടെ ജീവിത ശൈലി ഉണങ്ങാത്ത ഒരു മുറിവായി ഇവരെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു. എന്നാൽ ഇതിലെല്ലാം തളർന്നു വീഴും എന്ന് പ്രതീക്ഷിച്ച വർക്ക് തെറ്റുപറ്റി. ആ മുറിവുകളെല്ലാം ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേർത്തുവച്ചുകൊണ്ട് അവർ അവന്റെ ആനന്ദത്തിൽ മുഴുകുന്നു. വേദനകളെ സഹനങ്ങളെ മുറിവുകളെ കുറ്റപ്പെടുത്തലുകളെ ഒറ്റപ്പെടുത്തലുകളെ പീഡനങ്ങളെ പരിഹാസങ്ങളെ ക്രിസ്തുവിന്റെ സഹനത്തോട് ചേർത്തു വച്ചുകൊണ്ട് അവർ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ പണിതു ഉയർത്തുവാനായ്. ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കുവാനായി അവിടുത്തെ സ്നേഹ മാധുര്യം പകർന്നുകൊടുക്കുവാനായി അവിടുത്തെ വചന വിത്തുകൾ വിതച്ച് വിളവെടുക്കുവാനായി.
ഓരോ പരിശുദ്ധ ബലിയിലും അവർ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുന്നു മുറിയപ്പെടുന്നു പങ്കു വയ്ക്കപ്പെടുന്നു. ഓരോ പീഡനങ്ങളുടെ നടുവിലും അവർ ക്രിസ്തു സ്നേഹമായി രൂപാന്തരപ്പെടുന്നു. കല്ലേറുകൾക്ക് നടുവിലും മരണത്തിന്റെ താഴ്‌വരയിൽ പോലും ക്രിസ്തുവിന്റെ ഒളിമങ്ങാത്ത പുഞ്ചിരി അവർ വിടർത്തി കൊണ്ടേയിരിക്കുന്നു. ക്രിസ്തുവിന്റെ നിണമൊഴുകിയ വഴിത്താരയിലൂടെ അവർ ലോക ജനതക്ക് വേണ്ടിയും നന്മയ്ക്ക് വേണ്ടിയും കണ്ണുനീരൊഴുക്കിയുള്ള പ്രാർത്ഥനകളുമായി ആരും കാണാതെ ആരെയും അറിയിക്കാതെ അവർ നടന്നുകൊണ്ടേയിരിക്കുന്നു. ശരീരം തളർന്നു വീഴുന്നതുവരെ. വീണു കഴിഞ്ഞാലോ മനസ്സുകൊണ്ട് അവർ ആ ദൗത്യം തുടർന്നുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇവർക്ക് വേണ്ടിയുള്ള ജനതയുടെ പ്രാർത്ഥനയുടെ ശക്തിയാൽ അവർ പരിശുദ്ധാത്മാവിൽ നിന്ന് ശക്തി സംഭവിച്ചുകൊണ്ടെയിരിക്കുന്നു ഈ ഭൂമിയിൽ ദൈവ രാജ്യത്തിന്റെ പൂർത്തീകരണത്തിനായ്.
മെഴുകുതിരി പോലെ ഉരുകി തീരുന്ന ഒരു ജീവിതമാണ് ക്രിസ്തു പുരോഹിതന്റേത്. ഏതു വലിയ കാറ്റടിച്ചാലും ഏതു വലിയ പേമാരി വന്നാലും മെഴുകുതിരിയാകുന്ന പുരോഹിതനിൽ തെളിഞ്ഞു നിൽക്കുന്ന ക്രിസ്തുവാകുന്ന പ്രഭയെ കെടുത്തി കളയാനാകില്ല. അത് വലിയ പ്രകാശഗോപുരമായി തെളിഞ്ഞു കൊണ്ടേയിരിക്കും. അവരുടെ ജീവിതം ദൈവ ജനത്തിനുവേണ്ടി ക്രിസ്തുവിന് മുൻപിൽ ഉരുകി കൊണ്ടേയിരിക്കുന്നു.
ലോകം മുഴുവനുമുള്ള ഈ പുരോഹിതരുടെ മധ്യസ്ഥനായ ആർസിലെ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ വിശുദ്ധ ദിവസത്തിൽ എല്ലാ വന്ദ്യ വൈദികർക്കും സ്നേഹം നിറഞ്ഞ തിരുനാൾ ആശംസകളും പ്രാർത്ഥനാ മംഗളങ്ങളും സ്നേഹപൂർവ്വം നേരുന്നു.
Anthony Vargheese