TMC Reporter
പട്ന അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മോസ്റ്റ് റവ. വില്യം ഡിസൂസ SJ ഇനി ദാനാപൂർ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ സഹവികാരിയാകും. ഇടവക തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള “വില്യം ബിഷപ്പ്” തന്റെ പുതിയ നിയോഗത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. ‘ഇടവക ശുശ്രൂഷ തന്റെ ഹൃദയത്തോട് ചേർന്നുകിടക്കുന്ന ഒന്നാണ്. ഇടവകകളിലെയും വിശ്വാസ സമൂഹങ്ങളുടെയും ആത്മീയ ശുശ്രൂഷയ്ക്കായി തന്നാലാവും വിധം സേവനം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലളിതമായ ജീവിതശൈലിയും സമീപനക്ഷമതയും കൈവശമുള്ള ആർച്ച്ബിഷപ് വില്യം അതിരൂപതയിലെ ഗ്രാമവാസികളുമായി നിരന്തരം സമ്പർക്കമുള്ളയാളായിരുന്നു. 2020 ഡിസംബർ 9ന്, 74മത്തെ വയസ്സിൽ, തന്റെ ഔദ്യോഗിക ഇടയദൗത്യത്തിൽ നിന്ന് അദ്ദേഹം സ്വയം വിരമിച്ചിരുന്നു.
ദക്ഷിണ കന്നഡയിലെ മടന്ത്യാറിൽ 1946 മാർച്ച് 5നായിരുന്നു ഫാ. വില്യം ജനിച്ചത്. പഠനശേഷം ഈശോസഭയിൽ ചേരുകയും 1976 മെയ് 3ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ ചെമ്പഗനൂർ സേക്രഡ് ഹാർട്ട് കോളേജിൽ തത്വശാസ്ത്രവും പുണെ ജ്ഞാനദീപ വിദ്യാപീഠത്തിൽ ദൈവശാസ്ത്രവും പഠിച്ചു. ഈശോസഭയുടെ വിവിധ മേഖലകളിൽ സുപ്പീരിയർ, ബിഹാറിൽ തന്നെ മുസഫർപൂരിലുള്ള മൈനർ സെമിനാരിയുടെ റെക്ടർ, രൂപതയിലെ വിവിധ ദേവാലയങ്ങളിൽ വികാരി, മുസാഫർപൂർ മെത്രാന്റെ സെക്രട്ടറി, ഈശോസഭയുടെ പട്ന പ്രൊവിൻഷ്യൽ (1995-2001) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബക്സർ രൂപതയുടെ പ്രഥമ മെത്രാനായി 2005 ഡിസംബർ 12ന് നിയമിതനായ അദ്ദേഹം 2006 മാർച്ച് 25ന് മംഗളവാർത്ത തിരുനാളിൽ തന്റെ ഇടയദൗത്യമേറ്റെടുത്തു. ഒരു വർഷത്തോളം മുസാഫർപൂർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിച്ചു. 2007 ഒക്ടോബർ ഒന്നിനാണ് പട്ന അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ നിയമിച്ചത്.