✍️ പ്രേം ബൊനവഞ്ചർ
കത്തോലിക്കാസഭയുടെ ഏറ്റവും ശ്രദ്ധേയമായ വിശ്വാസസത്യത്തെ പ്രഘോഷിക്കുന്ന അമലോത്ഭവ തിരുന്നാളിന് (ഡിസംബർ 8ന്) ഫ്രാൻസിസ് പാപ്പ റോമാ നഗരത്തിലൂടെ വ്യത്യസ്തമായ ഒരു യാത്ര നടത്തി. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുനാൾ ആചരണം മാത്രമാക്കി മാറ്റിയിരുന്നു.
അതിരാവിലെ റോമിലെ പ്രശസ്തമായ സ്പാനിഷ് പടിക്കെട്ടുകൾക്ക് അരികെയുള്ള പിയാസ ഡി സ്പാഗ്നയിലെ കന്യാമറിയത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ പൂക്കൾ അർപ്പിച്ചു നിശബ്ദമായി പ്രാർത്ഥിച്ചു.
പരമ്പരാഗതമായി, അമലോത്ഭവ തിരുനാളിൽ നടക്കുന്ന പൊതുചടങ്ങിലാണ് പാപ്പ ഈ പ്രതിമയ്ക്ക് മുന്നിൽ ആദരം അർപ്പിച്ചു പ്രാർത്ഥിക്കുക. എന്നാൽ, നവംബർ അവസാനത്തോടെ രോഗവ്യാപനം കണക്കിലെടുത്ത് വത്തിക്കാൻ ഈ ചടങ്ങു നടക്കില്ല എന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാപ്പ വ്യക്തിപരമായി ഈ ഭക്തകൃത്യം നിർവഹിക്കുമെന്ന് അറിയിപ്പിൽ പറഞ്ഞിരുന്നു.
മുൻകൂട്ടി അറിയിക്കാതെ, പോണ്ടിഫ് അതിരാവിലെ നഗരത്തിലൂടെ സഞ്ചരിച്ച്, ചാറ്റൽമഴയുടെ പിന്നണിയിൽ പാപ്പ തന്റെ ആ “സ്വകാര്യ പ്രവൃത്തി” നടത്തുകയും ചെയ്തു.
“പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തിൽ, മഴയിൽ, അദ്ദേഹം കന്യകയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്തൂപത്തിനു ചുവട്ടിൽ വെളുത്ത റോസാപ്പൂക്കളുടെ ഒരു പൂച്ചെണ്ട് വയ്ക്കുകയും അമ്മയ്ക്ക് മുന്നിൽ പ്രാർഥനയിൽ ആയിരിക്കുകയും ചെയ്തു. റോമനഗരത്തെയും ലോകം മുഴുവനെയും കൊറോണ വ്യാധിയെയും അദ്ദേഹം മറിയത്തിന് മുൻപിൽ സമർപ്പിച്ചു.
പിയാസ ഡി സ്പാഗ്നയിൽ നിന്ന് പാപ്പ സെന്റ് മേരി മേജറിന്റെ ബസിലിക്കയിലേക്ക് പോയി. അവിടെ തന്റെ പ്രിയപ്പെട്ട മരിയൻ പ്രതിരൂപമായ മരിയ സാലസ് പോപ്പുലി റൊമാനിക്ക് മുമ്പായി അദ്ദേഹം നിശബ്ദമായി പ്രാർത്ഥിച്ചു. തുടർന്ന് അദ്ദേഹം ബസിലിക്കയിലെ അൾത്താരയിൽ തിരുനാൾ ദിവ്യബലി അർപ്പിച്ചു.
സ്പാനിഷ് പടികളുടെ ചുവട്ടിലുള്ള കന്യകാമറിയത്തിന്റെ പ്രതിമ 1857ൽ ഒൻപതാം പിയൂസ് പാപ്പയുടെ നിർദേശപ്രകാരം സ്ഥാപിച്ചതാണ്. അതിനും മൂന്ന് വർഷം മുൻപ് മറിയത്തിന്റെ അമലോത്ഭവത്തെ കത്തോലിക്കാ സഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിച്ചതും അദ്ദേഹം തന്നെയായിരുന്നു. അന്നുമുതൽ ഡിസംബർ 8 ന് അമലോത്ഭവ തിരുനാളിൽ റോമൻ പൊന്തിഫ് ആയ പാപ്പ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുന്നത് തുടർന്നുപോന്നു.
അന്നേദിവസം ഉച്ചതിരിഞ്ഞ് രാഷ്ട്രീയ നേതാക്കളും നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികളും പങ്കെടുക്കുന്ന പൊതുചടങ്ങായിട്ടാണ് സാധാരണയായി നടത്താറുള്ളത്. ഈ വർഷം, കോവിഡ് ബാധയെ തുടർന്ന് പൊതുചടങ്ങ് നടക്കില്ലെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ പാപ്പയുടെ തിരുനാൾ ആഘോഷം വത്തിക്കാന്റെ മതിലുകൾക്കുള്ളിൽ ഒതുങ്ങുമെന്ന നിരീക്ഷണമുണ്ടായി. എന്നാൽ കനത്ത മഴയും കാറ്റും കലർന്ന റോമിന്റെ കാലാവസ്‌ഥയിൽ പാപ്പയുടെ ഈ ചെയ്തി പലരെയും അതിശയിപ്പിച്ചു. യാത്രയ്ക്കിടെ വഴിയിൽ 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സമ്മാനപ്പൊതി നൽകിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.