പ്രേം ബൊണവഞ്ചർ”മറ്റുള്ളവരെ അംഗീകരിക്കുക” – ഏറ്റവും വലിയ ബുദ്ധിമുട്ട് !! ഇവിടെ തുടങ്ങുന്നു മനുഷ്യന്റെ അധഃപതനം. മനുഷ്യന് നഷ്ടപ്പെട്ട ഏറ്റവും വലിയ വസന്തമാണത്. മറ്റുള്ളവരെ അംഗീകരിക്കുക തീർത്തും ക്ലേശകരം. ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. വലിയ വചന പ്രഘോഷണം നടക്കുന്നു. ധ്യാധഗുരു കത്തിക്കയറുകയാണ്. വചനത്തിൽ ജ്വലിക്കുകയാണ്. എന്നാൽ അതിൽ കൂടുതൽ തിരക്കാണ് ധ്യാനഗുരുവിനെക്കാണാൻ കാത്തുനിൽക്കുന്നവരുടെ വരിയ്ക്ക്. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല. അഥവാ, യേശുവിനെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാൻ സാധിച്ചില്ലവലിയവനാകാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ട്. നല്ലതുതന്നെ !! ഒരുപാട് അനുഗ്രഹങ്ങൾ ദൈവം മനുഷ്യന് നൽകിയിട്ടുണ്ട്. അതേപോലെ ഒരുപാട് ബലഹീനതകളും നമുക്ക് പകർന്നു കിട്ടിയിട്ടുണ്ട്, ജഡത്തിലൂടെ. എല്ലാവരും പറയും എനിക്ക് വളരണം, ആത്മീയമായി വളരണം. നല്ലതുതന്നെ, ആഗ്രഹവും കൊള്ളാം. പക്ഷേ യേശു പറഞ്ഞ ഒരുകാര്യമുണ്ട് – നിനക്കുള്ളതെല്ലാം ത്യജിക്കണം. സാധിക്കുന്നില്ലെങ്കിൽ ആ വഴിക്ക് ചിന്തിക്കരുത്. ഇന്ന് ഇഗ്നേഷ്യസ് ലയോളയുടെ തിരുനാളാണ്. അത്തരം ഒരു ത്യാഗംചെയ്ത മനസിന്റെ തിരുനാൾ.മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കണം. അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് ചിന്തിക്കണം. സർവ്വ മനുഷ്യരിലും ദൈവീക അംശമുണ്ട് എന്നറിയുക. അതിനായി, നമ്മുടെ മനോഭാവം മാറണം.യഹൂദ ജനതയ്ക്ക് പറ്റിയ അപചയം നമുക്ക് പറ്റരുത്. “അവനാ തച്ചന്റെ മകനല്ലേ? ജോസഫല്ലേ അവന്റെ അപ്പൻ? മേരിയല്ലേ അവന്റെ അമ്മ?” അതേ ജോസഫ് തച്ചനായിരുന്നു.മേരി സാധാരണക്കാരിയായിരുന്നു. അവർ ബുദ്ധി കൊണ്ട് കണ്ടില്ല.ജ്ഞാനം ദർശനമാണ്. അതൊരു ഉൾകാഴ്ചയാണ്, ഹ്യദയത്തിന്റെ തുറവിയാണ്. ദൂതൻ പറഞ്ഞപ്പോൾ മറിയം കേൾക്കുകയല്ല ചെയ്തത്, അവൾ കാണുകയാണ് ദൈവത്തെ! ദൈവത്തെ കണ്ടു, ആത്മാവിന്റെ ഇന്ദ്രിയങ്ങളിലൂടെ ഹ്യദയത്തിൽ സംഗ്രഹിച്ചു, അധരം വഴി മൊഴിഞ്ഞു – ഇതെന്നിൽ സംഭവിക്കട്ടെയെന്ന്. ഇവിടെ ജ്ഞാനം സംസാരിച്ചു “ദൈവമേ നിന്റെ ഹിതം നിറവേറ്റുകയാണ് എന്റെ ഏറ്റവും വലിയ സന്തോഷം”. ജോസഫ് കണ്ടത് കിനാവല്ല തന്റെ ജീവിത നിയോഗമാണ്. ഇവിടെയാണ് കാഴ്ചകളുടെ വ്യത്യാസം.കാഴ്ച എങ്ങനെ വ്യത്യാസപ്പെടുത്താം? അതിന്റെ ആദ്യപടിയാണ് നീ നിന്നെ തന്നെ സ്നേഹിക്കുക. നീ ഒരു സ്നേഹമായാൽ നിന്റെ ഏറ്റവും വലിയ കൂട്ടുകാരൻ, സ്നേഹം തന്നെയായ യേശുവായിരിക്കും. നീ കാണുന്നതും കേൾക്കുന്നതും പറയുന്നതും ചിന്തിക്കുന്നതും അവനെപ്പറ്റിയായിരിക്കും. സ്നേഹിതനുവേണ്ടി മരിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല. നമുക്ക് സ്നേഹത്തിന്റെ വലിയ കൂട്ടായ്മ ആകാം. പരസ്പരം അംഗീകരിക്കാനും വിലകൊടുക്കാനും മനസുകാണിക്കാം.ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ