വെള്ളയമ്പലം: നിലവിലെ അതിരൂപത ന്യൂസ് പോർട്ടലായ www.archtvmnews.com ന് പുതിയ രൂപം. ജനുവരി 19 വെള്ളിയാഴ്ച വെള്ളയമ്പലത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച അതിരൂപത ന്യൂസ് പോർട്ടൽ വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര പ്രകാശനം ചെയ്തു. ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് അധ്യക്ഷത വഹിച്ചു.
നവീകരിച്ച ന്യൂസ് പോർട്ടലിൽ അതിരൂപത, ഫെറോന, ഇടവകതല വാർത്താവിഭാഗങ്ങൾ, കേരളസഭയിലും, ഭാരതസഭയിലും, ആഗോള സഭയിലും നടക്കുന്ന വാർത്തകൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ഒപ്പം അതിരൂപതയിലെ എല്ലാ ശുശ്രൂഷകളുടെയും വാർത്തകൾ മൊത്തമായും ശുശ്രൂഷകളുടെയടിസ്ഥാനത്തിലും തരംതിരിച്ച് വായിക്കാൻ സാധിക്കും. ഇതിനുപുറമേ വിനിമയ പബ്ലിക്കേഷൻസ് എന്നപേരിൽ അതിരൂപതയിൽ നിന്നും പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനാകും. ജീവനും വെളിച്ചവും മാസികയുടെ പഴയ ലക്കങ്ങൾ pdf ആയി download ചെയ്ത് വായിക്കാം. അനുദിന വചനങ്ങൾ, അനുദിന വിശുദ്ധർ തുടങ്ങിയ വിവരണങ്ങൾ പോർട്ടലിൽ ലഭ്യമാകും. നവീകരിച്ച പോർട്ടലിൽ നിന്നും അതിരൂപതയുടെ ഔദ്യോഗിക സൈറ്റിലേക്കും, സമൂഹമാധ്യമ പേജുകളിലേക്കും കെ.ആർ.എൽ.സി.സിയുടെ മാട്രിമോണിയൽ സൈറ്റിലേക്കും പ്രവേശിക്കാനും സന്ദർശിക്കാനും സാധിക്കും.
പ്രസ്തുത ചടങ്ങിൽ 2023 ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിൽ ഓൺലൈൻ കരോൾഗാനമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ റവ. ഡോ. ലോറൻസ് കുലാസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാളയം സെന്റ ജോസഫ്സ് കത്തീഡ്രലിലെ ഗായക സംഘത്തിന് 5000/- രൂപ ക്യാഷ് പ്രൈസും മെമന്റോയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൃക്കണ്ണാപുരം നല്ലിടയൻ ദേവാലയത്തിലെ ഗായകസംഘത്തിന് 3000/- രൂപയും മെമന്റോയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ചൊവ്വര തിരുക്കുടുംബ ദേവാലയത്തിലെ ഗായക സംഘത്തിന് 2000/- രൂപയും മെമന്റോയും നൽകി. പ്രോത്സാഹന സമ്മാനമായി 1000/- രൂപയും ക്യാഷ്പ്രൈസും മെമന്റോയും കുലശേഖരം സെന്റ്. ആന്റണീസ് ഇടവകയിലെയും, കഴക്കൂട്ടം സെന്റ്. ജോസഫ്സ് ഇടവകയിലെയും ഗായകസംഘത്തിന് ലഭിച്ചു. ഇതോടൊപ്പം ക്രിസ്തുമസിന് വൈറലായ ദൈവം പിറക്കുകയായ് എന്ന ഗാനത്തിന്റെ പിന്നണിപ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ്, മീഡിയ കമ്മിഷൻ സഹായത്രികൻ ശ്രീ. ലോറൻസ് ഫെർണാണ്ടസ് അസിസ്റ്റന്റ്. എക്സിക്യുട്ടീവ് സെക്രട്ടറി ശ്രീ. സതീഷ് ജോർജ്ജ് എന്നിവർ സ്വാഗതവും, ആശംസയും കൃതജ്ഞതയും പറഞ്ഞു.