മത്സ്യത്തൊഴിലാളികളുടെ സേവനത്തെ വിസ്മരിക്കരുതെന്ന് ഡോ.തോമസ് ജെ.നെറ്റോ മെത്രാപോലീത്ത
പൂന്തുറ ∙ സർക്കാരിനും സമൂഹത്തിനും മത്സ്യത്തൊഴിലാളികൾ നൽകിയ സേവനത്തെ വിസ്മരിക്കരുതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ ലത്തീൻ അതിരൂപതയുടെ ഫിഷറീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പൂന്തുറയിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഉൾപ്പെട്ടതാണ് മുതലപ്പൊഴിയുടെ വികസനവും വലിയതുറയിലെ ഗോഡൗണുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും കെട്ടിടങ്ങളുടെ നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓഖി ദുരന്തത്തിലും പ്രളയത്തിൽപെട്ടവരെയും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ ഇനിയും അവഗണിക്കരുതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത തമിഴ്‌നാട് വിളവൻകോട് എംഎൽഎ താരഹൈ കുത്ബർട്ട് പറഞ്ഞു. ഓഖിദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഏജൻസികളോട് സഹായം ആവശ്യപ്പെട്ടപ്പോൾ 12 നോട്ടിക്കൽ അപ്പുറം ദൂരത്തേക്ക് പോകില്ലെന്നായിരുന്നു പറഞ്ഞത്. അതേസമയം മത്സ്യത്തൊഴിലാളികൾ 200 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തി. കടലിൽ നീന്താൻ അറിയാത്തവരാണ് സേനയിലുളളതെന്നും അവർ ആരോപിച്ചു. അവകാശങ്ങൾ നേടുന്നതിന് മത്സ്യത്തൊഴിലാളികൾ കുടൂതൽ സംഘടിതരാകണമെന്നും അവർ ആഹ്വാനം ചെയ്തു.
ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ലൂസിയാൻസ് തോമസ്,വിഴിഞ്ഞം വികാരി മോൺേ.ഡോ.ടി.നിക്കോളാസ്, ടിഎസ്എസ് ഡയറക്ടർ ഫാ.ആഷ്‌ലിൻ ജോസ്, പൂന്തുറ വികാരി ഫാ.ഡാർവിൻ പീറ്റർ, മത്സ്യത്തൊഴിലാളി നേതാക്കളായ വലേരിയൻ, വിൻസന്റ്, ടിഎംഎഫ് പ്രസിഡന്റ് റോബർട്ട് ജോസഫാത്ത്, മാഗ്ളിൻ, എന്നിവർ പ്രസംഗിച്ചു. കടൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ചടങ്ങിൽ സാമ്പത്തിക സഹായം നൽകി. മുതിർന്ന മത്സ്യത്തൊഴിലാളികളെ ആദരിച്ചു.