എറണാകുളം: ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരുന്നത് ഖേദകരമാണ്. മൂലംമ്പിള്ളി നമ്മുടെ മുന്നില്‍ ഇന്നും ഒരു വേദനയായി അവശേഷിക്കുന്നു. ജീവിക്കാനായി തെരുവില്‍ സമരം ചെയ്യേണ്ടി വരികയും അതിന്റെ പേരില്‍ നീതിപൂര്‍വ്വമല്ലാതെ ചുമത്തപ്പെട്ട വ്യവഹാരങ്ങളില്‍ കോടതി വരാന്തകളില്‍ പാവപ്പെട്ട തൊഴിലാളികളും സ്ത്രീകളും സമയം ചെലവഴിക്കേണ്ടി വരുന്നത് പ്രയാസകരമാണ്. വിഴിഞ്ഞം, മുതലപ്പൊഴി, പുതുവൈപ്പ് എന്നീവ ഉദാഹരണങ്ങളാണ്; ഡോ. കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ലത്തീന്‍ സമൂഹം ഉയര്‍ത്തിയിട്ടുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ നിരാകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും തിരുമാനങ്ങളും തീരദേശ ജനതയെ പ്രയാസത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി പുറപ്പെടു വിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണ്. കേരളത്തിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ജനസമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റീസ് ജെ.ബി കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കണമെന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ്, കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് – ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, ഡിസിഎംഎസ് സംസ്ഥാന ട്രഷറര്‍ പ്രബലദാസ്, കേരള ലേബര്‍ മൂവ്‌മെന്റ് പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.