പ്രേം ബൊനവഞ്ചർ
ചിരിയുടെ തമ്പുരാന് വിട
മലങ്കര മാർത്തോമ സഭയുടെ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം (104) കാലം ചെയ്തു. ഏറെക്കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ കുമ്പനാടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അന്ത്യശുശ്രൂഷകൾ വ്യാഴാഴ്ച നടക്കും.
ഏകദേശം 68 വർഷക്കാലം സേവനമനുഷ്ഠിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബിഷപ്പായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തെ സുവർണ്ണ നാവുള്ള മനുഷ്യൻ എന്ന് വിശേഷിപ്പിക്കുമായിരുന്നു. വിവിധ മതവിഭാഗങ്ങളിൽപെട്ട വ്യക്തികളുമായിഊഷ്മളമായ സുഹൃദ്‌ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നർമ്മബോധം ഏറെ ശ്രദ്ധേയമാണ്. 2018 ൽ രാജ്യം പദ്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
മാർത്തോമാ സഭ വികാരി ജനറൽ കെ. ഇ. ഉമ്മൻ കശീശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് കുമ്പനാടിൽ ജനിച്ച അദ്ദേഹം കോഴഞ്ചേരി ഹൈസ്‌കൂളിലും ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി. ആലുവ യു. സി. കോളേജിൽ ഉന്നത പഠനം നിർവഹിച്ച അദ്ദേഹം 1940ൽ അങ്കോള ആശ്രമത്തിൽ അംഗമായി. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ വൈദിക പഠനത്തിന് ചേർന്നു. 1944ൽ ഡീക്കനും തുടർന്ന് എപ്പിസ്കോപ്പയുമായി. 1953ലാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന സ്‌ഥാനനാമം സ്വീകരിച്ചത്.
തുടർന്നുള്ള വർഷങ്ങളിൽ മാർത്തോമസഭയുടെ വിവിധ പദവികളിലേക്ക് ക്രമാനുഗതമായി അദ്ദേഹം മുന്നേറി. 1978ൽ സഫ്രഗൻ മെത്രാപ്പോലീത്തയായും 1999 മാർച്ചിൽ അദ്ദേഹത്തെ സഭയുടെ ഔദ്യോഗിക മെത്രാപ്പോലീത്തയായും 1999 ഒക്ടോബർ 23 ന് മലങ്കര മാർത്തോമ സഭയുടെ ഇരുപതാമത്തെ മെത്രാപ്പോലീത്തയായും തിരഞ്ഞെടുക്കപ്പെട്ടു.
2007 ഒക്ടോബറിൽ തന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ തന്റെ പിൻഗാമിയായ അന്തരിച്ച ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് കൈമാറിയിരുന്നു. അതിനുശേഷം മാരാമൺ അരമാനയിൽ (ജൂബിലി ഹോം) വിശ്രമജീവിതത്തിലായിരുന്നു.
പുതുച്ചേരിയുടെ ആനന്ദമായി
പോണ്ടിച്ചേരി-കടലൂർ അതിരൂപത മുൻ ആർച്ച്ബിഷപ് ആന്റണി ആനന്ദരയ്യർ (75) കാലം ചെയ്തു. 2021 മെയ് 4 ചൊവ്വാഴ്ച രാത്രി 9.30 ന് ചെന്നൈ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ത്യശുശ്രൂഷകൾ മെയ് 5 ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് പുതുച്ചേരി അമലോത്ഭവ മാതാ കത്തീഡ്രലിൽ നടക്കും.
1945 ജൂലൈ 18 ന് കുംഭകോണം രൂപതയിലെ വരദരാജൻപേട്ടിൽ ജനിച്ച ബിഷപ് ആന്റണി വൈദിക പഠനത്തിനായി കടലൂരിലെ സെന്റ് ആഗ്നസ് മൈനർ സെമിനാരിയിൽ ചേർന്നു. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തുടർപഠനങ്ങൾക്ക് ശേഷം 1971 ഡിസംബർ 21 ന് പൗരോഹിത്യം സ്വീകരിച്ചു. 1972-1976 കാലഘട്ടത്തിൽ കടലൂരിലെ സെന്റ് ജോസഫ്സ് ബോർഡിംഗിൽ അസിസ്റ്റന്റായും 1981-1996 കാലഘട്ടത്തിൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായും, വൈസ് റെക്ടറായും, റെക്ടറായും 2006 മുതൽ 2015 വരെ കാനൻ നിയമവുമായി ബന്ധപ്പെട്ട സിസിബിഐ കമ്മീഷന്റെ ചെയർമാനായും സേവനം ചെയ്തു.
1997 ജനുവരി 12ന് ഊട്ടി രൂപതയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം ജനുവരി 29 ന് സ്‌ഥാനമേറ്റു. 2004 ജൂൺ 10 ന് പോണ്ടിച്ചേരി-കടലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ നിയമിച്ചു. 2021 ജനുവരി 27 ന് സജീവ അജപാലന ദൗത്യത്തിൽ നിന്ന് വിരമിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അൻപതാം വാർഷിക വേളയിലാണ് വിയോഗം കടന്നുവന്നത്.