റോമിൽ അബ്രഹാമിക് ഫെയ്ത്ത്സ് ഇനിഷ്യേറ്റീവ് സംഘത്തിന്റെ മീറ്റിംഗിനായി എത്തിയ ഇന്തോനേഷ്യയിലെ പ്രമുഖ മുസ്ലീം സംഘടനയായ ‘നഹ്ദലുത്തുൽ ഉലുമ’യുടെ സെക്രട്ടറി ജനറൽ ഷെയ്ക്ക് യാഹിയ ചോലി സ്റ്റാക്വഫാണ് പാപ്പയുടെ ഇന്തോനേഷ്യൻ പര്യടന വാർത്ത മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് അംബാസഡർ സാം ബ്രൗൺ ബാക്ക് യോഗങ്ങളിൽ പങ്കെടുത്തു. ജനുവരി 15 നാണ് ഫ്രാൻസിസ് പാപ്പ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബറിൽ ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ, ന്യൂ ഗിനിയ എന്നിവ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി പാപ്പ പറഞ്ഞതായി സ്റ്റാക്ഫ് പറഞ്ഞു. അത്തരമൊരു യാത്ര വത്തിക്കാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തെ 229 ദശലക്ഷം മുസ്ലിംകൾ ആഗോള മുസ്ലിം ജനസംഖ്യയുടെ 12 ശതമാനത്തിലധികം വരും. ഇന്തോനേഷ്യയിലെ മിക്കവാറും എല്ലാ മുസ്ലിംകളും സുന്നികളാണ്. ഇന്തോനേഷ്യയിൽ 24 ദശലക്ഷം ക്രിസ്ത്യാനികളുണ്ട്, അവരിൽ 7 ദശലക്ഷം കത്തോലിക്കരാണ്. പോൾ ആറാമൻ പാപ്പ 1970 ലും ജോൺ പോൾ രണ്ടാമൻ പാപ്പ 1989 ലും അവിടെ സന്ദർശനം നടത്തി. തിമോർ ദ്വീപിലെ ഒരു ചെറിയ രാജ്യമാണ് ഈസ്റ്റ് തിമോർ. ദേശീയ പരമാധികാരത്തിനായി ഈ പ്രദേശം പതിറ്റാണ്ടുകളുടെ രക്തരൂക്ഷിതമായ പോരാട്ടത്തെത്തുടർന്ന് 1999 ൽ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടി. രാജ്യത്തെ രണ്ടാമത്തെ പ്രസിഡന്റ് ജോസ് മാനുവൽ റാമോസ്-ഹോർട്ട 1996 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം കിഴക്കൻ തിമോർ ബിഷപ്പ് സിമെനെസ് ബൊലോയുമായി പങ്കിട്ടു. രാജ്യത്ത് അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള അവരുടെ സമാധാനപരമായ ശ്രമങ്ങൾക്ക് ആണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. ബിഷപ്പ് ബെലോ ഇപ്പോൾ മൊസാംബിക്കിലെ ഒരു മിഷനറിയാണ്.
കിഴക്കൻ തിമോറിൽ 1 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നു; അവരിൽ 98% ത്തിലധികം പേർ കത്തോലിക്കരാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യങ്ങളിൽ ഒന്നാണിത്. ജോൺ പോൾ രണ്ടാമൻ പാപ്പ 1989 ൽ ഈസ്റ്റ് തിമോർ സന്ദർശിച്ചിരുന്നു. ന്യൂ ഗ്വിനിയ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് ഏകദേശം ഒമ്പത് ദശലക്ഷം ആളുകൾ വസിക്കുന്ന രാജ്യമാണ് പപ്പുവ ന്യൂ ഗ്വിനിയ. ദ്വീപിന്റെ മറുവശത്ത് രണ്ട് ഇന്തോനേഷ്യൻ പ്രവിശ്യകളുണ്ട്. വിവിധ ചെറിയ പരമ്പരാഗത സമുദായങ്ങൾ ഉൾക്കൊള്ളുന്ന ഗണ്യമായ സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യമാണ് പപ്പുവ ന്യൂ ഗ്വിനിയ. അവയിൽ ചിലത് പുറത്തു നിന്നുള്ളവരുടെ നിയന്ത്രണമില്ലാതെ തുടരുന്നു. പപ്പുവ ന്യൂ ഗ്വിനിയയിലെ എല്ലാ പൗരന്മാരും ക്രിസ്ത്യാനികളാണ്, ജനസംഖ്യയുടെ 26 ശതമാനം കത്തോലിക്കരാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ 1984 ൽ പാപ്പുവ ന്യൂ ഗ്വിനിയയിലേക്ക് സന്ദർശനം നത്തിയിരുന്നു.
ഫ്രാൻസിസ് പാപ്പ ഇന്തോനേഷ്യ സന്ദർശിക്കാൻ വളരെക്കാലമായി താൽപര്യം പ്രകടിപ്പിക്കുകയും 2020 ൽ ഇറാഖ് സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.